ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭ.എല്ലാവരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും യു.എന്‍ പ്രതികരിച്ചു.
കെജ്‌രിവാളിന്റെ അറസ്റ്റില്‍ സുതാര്യവും നീതിപൂര്‍വവുമായ നിയമ നടപടികള്‍ വേണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഉള്‍പ്പെടെ ബാധിക്കുന്ന തരത്തിലാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഈ വിഷയങ്ങളില്‍ സുതാര്യവും സമയോചിതവും നീതിയുക്തവുമായ നടപടികളെ അമേരിക്ക പ്രോത്സാഹിപ്പിക്കുമെന്നും യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലര്‍ പറഞ്ഞു. കെജ്രിവാളിന്റെ അറസ്റ്റില്‍ ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ അമേരിക്ക അറിയിച്ചിരുന്നു. കെജ്രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നിരീക്ഷിക്കുന്നതായും സ്റ്റേറ്റ് വക്താവ് വ്യക്തമാക്കി.
കെജ്‌രിവാളിന്റെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറഞ്ഞ അമേരിക്കയെ കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അതൃപ്തി അറിയിച്ചിരുന്നു. ഡല്‍ഹിയിലെ യു.എസ് നയതന്ത്ര പ്രതിനിധി ഗ്ലോറിയ ബര്‍ബേനയെ വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്.
മാര്‍ച്ച് 21 നായിരുന്നു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റില്‍ ഇന്ത്യയില്‍ പലയിടത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തു. മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റ് തടയണമെന്ന ഹരജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ വീട്ടില്‍ ഇ.ഡി എത്തിയത്.