LIFELife Style

”സുധിച്ചേട്ടന്റെ മൃതദേഹത്തില്‍ നിന്നും കൂര്‍ക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു”

കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം അന്ന് ചിരിച്ചവരുടെ മനസ് നിറയെ ദുഖം മാത്രമാക്കി കടന്നുപോയ പ്രതിഭയാണ് കൊല്ലം സുധി. വടകരയില്‍ നിന്നും പരിപാടി കഴിഞ്ഞ് വരവെ ഇക്കഴിഞ്ഞ ജൂണിലാണ് തൃശൂര്‍ കയ്പമംഗലത്ത് വെച്ച് ഉണ്ടായ റോഡ് അപകടത്തില്‍ സുധി മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം സുധിയുടെ വേര്‍പാട് ഇന്നും മലയാളികള്‍ക്ക് വിശ്വസിക്കാനായിട്ടില്ല.

കോമഡി ഉത്സവം ഉള്‍പ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവര്‍ക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളില്‍ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകര്‍ക്ക്. കട്ടപ്പനയിലെ ഋതിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ സിനിമകളില്‍ സുധി വേഷമിട്ടിട്ടുണ്ട്. സുധിയുടെ വേര്‍പാട് സംഭവിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴും ആ സങ്കടത്തിന്റെ ഭാരവും പേറി മൂന്നുപേര്‍ ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്.

സുധിയുടെ ഭാര്യ രേണുവും മക്കളായ കിച്ചുവും റിതുലും. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു സുധിയുടെയും രേണുവിന്റെയും വിവാഹം. രേണു ക്രിസ്ത്യാനിയാണ്. പതിനഞ്ച് വയസ് പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സുധിക്ക് മകളെപ്പോലെയായിരുന്നു രേണു. ഇപ്പോഴിതാ സുധിയെ കുറിച്ച് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മരിച്ചുവെന്ന് കേട്ടപ്പോള്‍ മരവിച്ച് ഒരിരുപ്പായിരുന്നുവെന്ന് രേണു പറയുന്നു. മൃതദേഹം കാണാനുള്ള കരുത്തില്ലായിരുന്നുവെന്നും രേണു കൂട്ടിച്ചേര്‍ത്തു. ‘എനിക്ക് രണ്ട് ആണ്‍കുട്ടികളാണ്. അവരെ സുധി ചേട്ടന്‍ എന്നെ ഏല്‍പ്പിച്ച് പോയതാണ്. അതുകൊണ്ടാണ് എല്ലാം കടന്ന് ഞാന്‍ വന്നത്. നമ്മള്‍ അടിഞ്ഞുപോയാല്‍ അവരേയും അത് ബാധിക്കും.’

‘അപകടം സംഭവിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുധി ചേട്ടന്‍ എന്നെ വിളിച്ചിരുന്നു. മകനെ കാണാനുള്ള ആഗ്രഹം പറഞ്ഞാണ് വിളിച്ചത്. വീഡിയോ കോളിലൂടെ ഞാന്‍ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഞാന്‍ ഉണര്‍ന്ന് നോക്കിയപ്പോള്‍ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നില്‍ക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോള്‍ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവര്‍ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.’

‘സുധി ചേട്ടന്‍ ജീവിനോടെയുണ്ടല്ലോ അല്ലെയെന്ന് എല്ലാവരോടും ഞാന്‍ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും എന്റെ കിളിപോയി മരവിച്ച അവസ്ഥയിലായി ഞാന്‍.’

‘പിന്നെ ഒറ്റയിരുപ്പായിരുന്നു. കാരണം കഴിഞ്ഞ ദിവസം വരെ നമ്മുടെ ഒപ്പം കിടന്ന് ഉറങ്ങിയ വ്യക്തി ഇനി ഇല്ലയെന്നത് ഉള്‍ക്കൊള്ളാനായില്ല. സുധി ചേട്ടന്റെ ഡെഡ് ബോഡി വരുന്നത് വരെ ഞാന്‍ വെള്ളം പോലും കുടിച്ചില്ല ഉറങ്ങിയുമില്ല. മരിച്ച് കിടക്കുന്ന സുധി ചേട്ടനെ കാണാന്‍ പറ്റുമായിരുന്നില്ല. അതിനും എന്നെ പലരും കുറ്റം പറഞ്ഞു. മരിച്ച് കിടക്കുമ്പോഴുള്ള സുധി ചേട്ടന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ആംബുലന്‍സില്‍ സുധി ചേട്ടനൊപ്പം ഞാനും കിച്ചുവുണ്ടായിരുന്നു.’

‘അപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും സുധി ചേട്ടന്‍ കൂര്‍ക്കം വലിക്കുന്ന ശബ്ദം കേട്ടു. ചിലോപ്പോള്‍ ബോഡി അനങ്ങിയതിന്റെ വല്ലതുമാകും. പക്ഷെ ഞങ്ങള്‍ക്ക് കൂര്‍ക്കം വലിപോലെയാണ് കേട്ടത്. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു.’

‘എന്റെ മുഖത്തേക്ക് നോക്കിയിരിക്കുമായിരുന്നു. ഞാന്‍ മരിച്ചാല്‍ നീ വേറെ കല്യാണം കഴിക്കുമോയെന്ന് സുധി ചേട്ടന്‍ ചോദിക്കുമായിരുന്നു. നീ വേറെ വിവാഹം കഴിക്കരുത് ഞാന്‍ മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ സുധി ചേട്ടനുമായുള്ള വിവാഹത്തിനുശേഷം ഈ വാഹനാപകടം ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. അക്കാര്യം ഞാന്‍ സുധി ചേട്ടനോട് പറഞ്ഞിട്ടുമുണ്ടെന്നാണ്’, രേണു പറഞ്ഞത്.

 

 

 

Back to top button
error: