കാസർകോട്: പൈവളിഗെ ഗ്രാമപഞ്ചായതിൽ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഒമ്പതിനെതിരെ 10 വോടുകൾക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. എട്ട് ബിജെപി അംഗങ്ങള്‍ക്ക് പുറമെ അപ്രതീക്ഷിതമായി കോൺഗ്രസിന്റെ ഏക അംഗം അവിനാശ് അവിശ്വാസത്തെ പിന്തുണച്ചു.
എന്നാൽ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ എതിര്‍ത്ത് വോട് ചെയ്തതോടെ എൽഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫ് എട്ട്, ബിജെപി എട്ട്, മുസ്ലിംലീഗ് രണ്ട്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് പഞ്ചായതിലെ കക്ഷി നില. മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസ പ്രമേയത്തിൽ ഇടതിന് അനുകൂലമായി വോട് ചെയ്തത്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പൈവളിഗെ പഞ്ചായത് പ്രസിഡന്റ് സ്ഥാനം എല്‍ഡഎഫിന് ലഭിച്ചത്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിൽ ഏക കോൺഗ്രസ് അംഗം ബിജെപിക്ക് വോട് ചെയ്തത് പാർടിക്ക് ക്ഷീണമായി. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയർന്നിട്ടുള്ളത്.