KeralaNEWS

ഗോവിന്ദനെതിരായ പരാമര്‍ശം: കോടതിയില്‍ ഹാജരാകാതെ സ്വപ്ന

തളിപ്പറമ്ബ്:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നല്‍കിയ അപകീർത്തി കേസില്‍ സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല.ഇതേ തുടർന്ന് കേസ് ഏപ്രില്‍ 16ലേക്ക് മാറ്റി.

കഴിഞ്ഞ തവണകളില്‍ കേസ് പരിഗണിച്ചപ്പോള്‍ സ്വപ്നയ്ക്ക് കോടതിയില്‍ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു.പ്രസ്തുത വിലാസത്തില്‍ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ് സമൻസ് തിരിച്ചുവന്നത്. ഇതേ തുടർന്ന് വീണ്ടും സമൻസ് നല്‍കാൻ കോടതി പൊലീസിന് ചുമതല നല്‍കിയിരുന്നു.

അതേസമയം തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വപ്ന അവധി അപേക്ഷ നല്‍കി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസ് സമൻസ് നല്‍കിയതിനനുസരിച്ചാണ് സ്വപ്ന അഭിഭാഷകൻ മുഖേന അവധി അപേക്ഷ നല്‍കിയത്. രണ്ടാം പ്രതിയായ വിജേഷ് പിള്ളയ്ക്ക് കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും ഇത്തവണ അവധി നല്‍കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിനെ തുടർന്നാണ് ഗോവിന്ദൻ അപകീർത്തി കേസ് നല്‍കിയിരുന്നത്.

Back to top button
error: