ലഖ്നൗ: പിതാവിനെ കൊല്ലാന്‍ മൂന്ന് ഷൂട്ടര്‍മാരെ ഏര്‍പ്പാടാക്കിയ 16 കാരന് പിടിയില്‍. ഉത്തര്‍ പ്രദേശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ബിസിനസുകാരനായ മുഹമ്മദ് നയീം (50) അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവര്‍ നയീമിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഷൂട്ടര്‍മാരായ പിയൂഷ് പാല്, ശുഭം സോണി, പ്രിയാന്‍ഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ദുര്‍ഗേഷ് കുമാര്‍ സിംഗ് പറഞ്ഞു. ചോദ്യം ചെയ്തപ്പോഴാണ് നയീമിനെ കൊല്ലാന്‍ അദ്ദേഹത്തിന്റെ മകന് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് പ്രതികള്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് മകനെ ചോദ്യം ചെയ്തപ്പോള്‍ താനാണ് പിതാവിനെ കൊല്ലാന്‍ കൊലയാളികളെ വാടകക്ക് എടുത്തതെന്നും ആറ് ലക്ഷം രൂപ പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും സമ്മതിച്ചു.
പിതാവിനെ കൊന്നാല്‍ ബാക്കി തുക നല്‍കാമെന്ന ഉറപ്പില്‍ ഒന്നര ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തായി പൊലീസ് പറയുന്നു. ആവശ്യത്തിന് പണം നല്‍കാത്തതാണ് പിതാവിനെ കൊല്ലാന്‍ കാരണമെന്ന് പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പിതാവിന്റെ കടയില്‍നിന്ന് പണവും വീട്ടില്‍നിന്ന് ആഭരണങ്ങളും മോഷ്ടിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പിതാവിനെ കൊല്ലാന്‍ മുമ്പ് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 16 കാരനെ ജുവനൈല്‍ ഹോമിലാക്കി. കൊലയാളികളെ ജയിലിലാക്കുകയും ചെയ്തു.