മുംബൈയിലെ ശിവജി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യ സഖ്യത്തിന്റ ഭാഗമായ സംസ്ഥാന മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കാളികളായി.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്, കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ശിവസേന നേതാവ് ഉദ്ദവ് താക്കറെ, എന്‍സിപി നേതാവ് ശരദ് പവാര്‍, തേജസ്വി യാദവ്, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും സമാപന സമ്മേളനത്തിലെത്തി.
ഇതോടെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം നടന്ന റാലി രാജ്യത്തെ പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് കാഹളമായി മാറി.
ജനുവരി 14 ന് മണിപ്പുരില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 63 ദിവസം പിന്നിട്ട് ഇന്നലെ മഹാരാഷ്ട്രയില്‍ അവസാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഭാരത് ജോഡോ ന്യായ് മൻസില്‍ എന്ന പേരില്‍ മെഗാ റാലി സംഘടിപ്പിച്ചത്.അതേസമയം കേരളത്തിൽ നിന്നുള്ള നേതാക്കളുടെ അഭാവം സമ്മേളനത്തിൽ ശ്രദ്ധിക്കപ്പെട്ടു.
പരുക്കേറ്റ് വിശ്രമത്തിലായതിനാല്‍ മമത ബാനർജി റാലിയിലെത്തില്ലെന്ന് ഉറപ്പായിരുന്നു. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ഉള്‍പ്പെടെയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.
അതേസമയം ദാദർ ‘ചൈത്യഭൂമി’യില്‍ ഡോ ബി ആർ അംബേദ്കറിന് ആദരാഞ്ജലികള്‍ അർപ്പിക്കുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തുകൊണ്ടാണ് രാഹുൽ ഗാന്ധി തന്റെ 63 ദിവസം നീണ്ടുനിന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ ക്ക് സമാപനം കുറിച്ചത്.