ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26 ന്. കേരളത്തിലെ വോട്ടെടുപ്പും അന്നാണ്. ജൂൺ നാലിന് ഫലം പ്രഖ്യാപിക്കും.
ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നു നിയമസഭാ തിരഞ്ഞെടുപ്പു നടക്കും. അരുണാചൽപ്രദേശിലും സിക്കിമിലും ഏപ്രിൽ 19 നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ജൂൺ 4ന് ഫലം പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും.
ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും പങ്കെടുക്കുത്തു.
രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. ആകെ 96.8 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. 1.8 കോടി കന്നി വോട്ടർമാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടർമാരും ഉണ്ട്. 12 സംസ്ഥാനങ്ങളിൽ പുരുഷ വോട്ടർമാരേക്കാൾ സ്ത്രീ വോട്ടർമാരാണ് കൂടുതൽ. 85 വയസ്സിനു മുകളിൽ പ്രായമുള്ള 82 ലക്ഷം വോട്ടർമാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടർമാരുമുണ്ട്. 85 വയസ്സിന് മുകളിലുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കും വീട്ടിലിരുന്ന് വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം. 2019 ൽ മാർച്ച് 10നാണ് തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.
2019ൽ, ആകെയുള്ള 543 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 303 സീറ്റുകളും നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് ബിജെപി അധികാരത്തിലേറിയത്. 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസിന് നേടാനായത് 52 സീറ്റുകൾ മാത്രം. ഇത്തവണ 400 സീറ്റിലധികം നേടുമെന്ന പ്രഖ്യാപനത്തോടെയാണ് എൻഡിഎ തിരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്.