KeralaNEWS

കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപ, റിട്ടേണ്‍ 100രൂപ; ബസിനും ട്രക്കിനും 225 രൂപ, റിട്ടേണ്‍ 335 രൂപ; തലശേരി- മാഹി ബൈപ്പാസ് ടോള്‍ നിരക്ക്

കണ്ണൂര്‍: ഉദ്ഘാടത്തിന് മുന്‍പേ തലശേരി – മാഹി ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് ദേശീയ പാത അതോറിറ്റി ടോള്‍ പിരിവ് തുടങ്ങിയത്. കാറിനും ജീപ്പിനും ഒരുഭാഗത്തേക്ക് 65 രൂപയും റിട്ടേണ്‍ നിരക്ക് നൂറ് രൂപയുമാണ്. ബസിനും ട്രക്കിനും ഒരുഭാഗത്തേക്ക് 225 രൂപയും റിട്ടേണ്‍ നിരക്ക് 335 രൂപയുമാണ്. മിനി ബസ് ഒരു ഭാഗത്തേക്ക് 105 രൂപയാണ് നിരക്ക്.

ബൈപ്പാസിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഓണ്‍ലൈന്‍ ആയിട്ടാണ് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ നേരിട്ട് പങ്കെടുക്കും. തലശേരി, മാഹി എന്നീ തിരക്കേറിയ നഗരങ്ങളില്‍ കയറാതെ കണ്ണൂരില്‍ നിന്ന് കോഴിക്കോട് അഴിയൂരില്‍ എത്തുന്ന ആറുവരി പാതയാണ് ബൈപ്പാസ്.

Signature-ad

നീണ്ട 47 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 45 മീറ്റര്‍ വീതിയും 18.6 കിലോമീറ്റര്‍ നീളവുമുള്ള ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നത്. 1977ലാണ് സ്ഥലമെടുപ്പ് ആരംഭിച്ചത്. മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്. ഒരു ഓവര്‍ ബ്രിഡ്ജ്, ഒരു റെയില്‍വേ ഓവര്‍ബ്രിഡ്ജ്, 21 അണ്ടര്‍ പാസുകള്‍, ഒരു ടോള്‍ പ്ലാസ എന്നിവയുള്‍പ്പെടുന്നതാണ് ബൈപ്പാസ്. ബൈപ്പാസിന്റെ ഇരുഭാഗത്തും 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.

Back to top button
error: