35 വീതം പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ച ഒഡിഷ എഫ്.സിയും മുംബൈ സിറ്റി എഫ്.സിയുമാണ് പോയന്റ് പട്ടികയില്‍ മുന്നിലെങ്കിലും മൂന്നാമതുള്ള മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനാണ് കൂടുതല്‍ സാധ്യത കല്പിക്കപ്പെടുന്നത്. പ്രതീക്ഷ കൈവിടാതെ എഫ്.സി ഗോവയും കേരള ബ്ലാസ്റ്റേഴ്സും ഫൈനല്‍ ലാപ്പിലുണ്ട്.
അതേസമയം, പ്ലേഓഫിലെ ആറാം സ്ഥാനത്തിനായി ആറു ടീമുകള്‍ ഒപ്പത്തിനൊപ്പം നീങ്ങുന്നു എന്നതും കൗതുകകരമാണ്. ബ്ലാസ്റ്റേഴ്സിനെതിരായ ജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിർത്തിയ ബംഗളൂരു എഫ്.സിക്കു പുറമെ, ജാംഷഡ്പുർ എഫ്.സി, നോർത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്.സി, ഈസ്റ്റ് ബംഗാള്‍ എഫ്.സി, ചെന്നൈയിൻ എഫ്.സി, പഞ്ചാബ് എഫ്.സി എന്നിവയാണ് അവസാന ആറില്‍ കണ്ണുവെക്കുന്നത്.
ഓരോ ടീമിനും ചുരുങ്ങിയത് നാലു മത്സരങ്ങളെങ്കിലും ശേഷിക്കെ, ആറു പോയന്റ് മാത്രമാണ് ആദ്യ അഞ്ചു സ്ഥാനക്കാർക്കിടയിലെ പരമാവധി വ്യത്യാസം. ശേഷിക്കുന്ന ആറു ടീമുകള്‍ക്കിടയിലെ പരമാവധി വ്യത്യാസമാകട്ടെ, നാലു പോയന്റും.
18 കളിയില്‍നിന്ന് ഒരു ജയംപോലുമില്ലാത്ത മുൻ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്.സി മാത്രമാണ് എല്ലാ പ്രതീക്ഷയും അസ്തമിച്ച ഏക ടീം. സമനിലയിലൂടെ ലഭിച്ച അഞ്ചു പോയന്റ് മാത്രമാണ് ഹൈദരാബാദിന്റെ സമ്ബാദ്യം.
ഷീല്‍ഡ് സാധ്യത ഇങ്ങനെ
ഒഡിഷ എഫ്.സി
- പോയന്റ്- 35
- കളിച്ച മത്സരങ്ങള്‍- 18
- ശേഷിക്കുന്ന മത്സരങ്ങള്‍- 4
- എല്ലാ മത്സരങ്ങളും ജയിച്ചാലും ഒഡിഷക്ക് ഷീല്‍ഡ് ഉറപ്പിക്കാനാവില്ല. ഒപ്പമുള്ള മുംബൈയും രണ്ടു പോയന്റ് പിറകിലുള്ള മോഹൻ ബഗാനും ഒഡിഷയെക്കാള്‍ കുറവ് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. തുടർമത്സരങ്ങളില്‍ മോഹൻ ബഗാന് അഞ്ചും മുംബൈക്ക് നാലും പോയന്റ് നഷ്ടമാകണം. ഗോവ ഒരു മത്സരത്തില്‍ തോല്‍ക്കുകയും വേണം.
മുംബൈ സിറ്റി
- പോയന്റ് – 35
- കളിച്ച മത്സരങ്ങള്‍- 17
- ശേഷിക്കുന്ന മത്സരങ്ങള്‍- 5
- എല്ലാ മത്സരങ്ങളും ജയിച്ചാല്‍ മുംബൈക്ക് ഷീല്‍ഡ് ഉറപ്പിക്കാം. ഒരു സമനിലയും മോഹൻ ബഗാനെതിരെയടക്കം നാലു ജയവും നേടിയാലും മുംബൈ പട്ടികയില്‍ ഒന്നാമതാവും.
- ബഗാനെതിരെ സമനിലയാണ് ഫലമെങ്കില്‍ മറ്റു മത്സരങ്ങളില്‍ ബഗാന് പോയന്റ് നഷ്ടമായാലേ മുംബൈക്ക് സാധ്യതയുള്ളൂ.
മോഹൻ ബഗാൻ
-
- പോയന്റ് – 33
- കളിച്ച മത്സരങ്ങള്‍- 16
- ശേഷിക്കുന്ന മത്സരങ്ങള്‍- 6
- പ്ലേഓഫ് ഉറപ്പിക്കാൻ ബഗാന് വേണ്ടത് ഒരു പോയന്റ്. എല്ലാ മത്സരങ്ങളും ജയിച്ചാല്‍ 51 പോയന്റുമായി ഷീല്‍ഡ് പിടിക്കാം.
- അഞ്ചു മത്സരങ്ങള്‍ ജയിക്കുകയും
- അവസാന മത്സരത്തില്‍ മുംബൈക്കെതിരെ സമനില പിടിക്കുകയും ചെയ്താലും ബഗാൻ മുന്നിലെത്തും.
എഫ്.സി ഗോവ
-
- പോയന്റ് – 32
- കളിച്ച മത്സരങ്ങള്‍- 17
- ശേഷിക്കുന്ന മത്സരങ്ങള്‍- 5
- പ്ലേഓഫ് ഉറപ്പിക്കാൻ രണ്ടു പോയന്റ് വേണം. എല്ലാ മത്സരങ്ങളും ജയിക്കുന്നതിനു പുറമെ, ബഗാനും മുംബൈയും നാലു പോയന്റുകള്‍ നഷ്ടപ്പെടുത്തുകകൂടി ചെയ്താലേ ഗോവക്ക് ഷീല്‍ഡ് നേടാനാവൂ. ഇനിയുള്ള മത്സരങ്ങളെല്ലാം പോയന്റ് പട്ടികയില്‍ തങ്ങളെക്കാള്‍ പിന്നിലുള്ളവരോടാണ് എന്നതാണ് ഗോവയുടെ പ്രതീക്ഷ.
കേരള ബ്ലാസ്റ്റേഴ്സ്
- പോയന്റ് -29
- കളിച്ച മത്സരങ്ങള്‍ -17
- ശേഷിക്കുന്ന മത്സരങ്ങള്‍ -5
- അഞ്ചു പോയന്റ് നേടിയാല്‍ നോക്കൗട്ട് ഉറപ്പിക്കാം. കഴിഞ്ഞ അഞ്ചു മത്സരത്തിനിടെ നാലു തോല്‍വി പിണഞ്ഞത് ബ്ലാസ്റ്റേഴ്സിന്റെ ഷീല്‍ഡ് സാധ്യതകള്‍ക്ക് മങ്ങലേല്പിച്ചു. ബാക്കിയുള്ള മത്സരങ്ങള്‍ ജയിക്കുകയും മുംബൈ ആറും ബഗാൻ നാലും ഒഡിഷ എഫ്.സി നാലും ഗോവ മൂന്നും പോയന്റ് നഷ്ടപ്പെടുത്തുകയും വേണം.