കൊച്ചി: കുസാറ്റ് കലോത്സവത്തിനിടെ സിന്‍ഡിക്കേറ്റ് അംഗം വിദ്യാര്‍ഥിനിയെ കടന്നു പിടിച്ച സംഭവത്തില്‍ സര്‍വകലാശാല ആഭ്യന്തര അന്വേഷണം തുടങ്ങി. സംഭവത്തിന് ദൃക്സാക്ഷിയായ സെക്യൂരിറ്റി ഓഫീസറോടും കലോത്സവത്തിന്റെ കോഡിനേറ്റര്‍ കെ.കെ ഗിരീഷ്കുമാറിനോടും വി.സി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഗിരീഷ് കുമാറിനെ കലോത്സവത്തിന്റെ കോഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഹിന്ദി വകുപ്പിലെ ഡോ. ബിന്ദുവിനാണ് കലോത്സവത്തിന്റെ പുതിയ ചുമതല.
സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ ചുമതലയുളള അധ്യാപികയോട് സംഭവം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും വിസി ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.എഫ്.ഐ പ്രവര്‍ത്തകയായ ഇര ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. സംഭവത്തിന് സാക്ഷിയായ അധ്യാപകരും ജീവനക്കാരും പ്രശ്നം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ആരോപണ വിധേയനായ സിന്‍ഡിക്കേറ്റ് അംഗം ഇന്ന് കാമ്പസില്‍ എത്തിയിട്ടുണ്ട്. കാമ്പസിലുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നു. വിവാദ ജീവനക്കാരനും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ആരോപണ വിധേയനായ ജീവനക്കാരന്റേത് അനധികൃത നിയമനമാണെന്ന് നേരത്തേ ആരോപണമുണ്ട്. സംസ്ഥാനത്തെ ഒരു മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ് ആരോപണ വിധേയനായ ജീവനക്കാരന്.അതിനിടെ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്ക് കെ.എസ്.യു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരയായ പെണ്‍കുട്ടി പാര്‍ട്ടിക്ക് മാത്രമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. സംഭവത്തിന് പിറകേ, പെണ്‍കുട്ടിയുടെ ബന്ധുക്കളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ആരോപണ വിധേയനായ ജീവനക്കാരനെ ഓഫീസിലെത്തി മര്‍ദിച്ചിരുന്നു.