ബീഹാർ സ്വദേശി പ്രകാശ് മാഞ്ചിയെ (24) ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.ചെന്നൈയില്‍ നിന്നാണ് വഴിക്കടവ് ഇൻസ്‌പെക്ടർ പ്രിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
ആകർഷകമായ വാഗ്ദാനങ്ങള്‍ നല്‍കി മറ്റു രേഖകളോ നൂലാമാലകളോ ഒന്നുമില്ലാതെ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് ഫേസ്ബുക്കിലൂടെ പരസ്യം നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യ ലിങ്കുകളില്‍ ആവശ്യക്കാർ തൊടുന്നതോടെ വാട്സാപ്പ് ലിങ്ക് ആക്ടിവായി എസ്.എം.എസ് സന്ദേശം ജനങ്ങളിലേക്കെത്തും. ആവശ്യക്കാർക്ക് ബന്ധപ്പെടാൻ ഫോണ്‍ നമ്ബറും നല്‍കും. പ്രസിദ്ധമായ ധനകാര്യ സ്ഥാപനങ്ങളോട് സാമ്യമുള്ള പേരിനൊപ്പം നല്‍കുന്ന ഈ നമ്ബറിലേക്ക് തിരികെ വിളിക്കുന്നവരെ നയത്തില്‍ സംസാരിച്ച് വശത്താക്കും. ശേഷം ലോണ്‍ പ്രോസസിംഗ് ഫീസ്,നികുതി, ഡിമാന്റ് ഡ്രാഫ്റ്റ് ഫീസ് എന്നിവയ്ക്കെന്ന പേരില്‍ ചെറിയ തുകകളായി തട്ടിപ്പുകാർ പറയുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിക്കും. വിശ്വാസ്യതയ്ക്കായി ലോണ്‍ പാസായ രേഖകളും അയക്കും.
വഴിക്കടവ് നാരോക്കാവ് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്.കുറഞ്ഞ പലിശക്ക് ഒരു ലക്ഷം ലോണ്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. പ്രതിയെ നിലമ്ബൂർ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു