തിരുവനന്തപുരം: എസ്എഫ്‌ഐ നേതാക്കള്‍ പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയോടു കാണിച്ചത് ക്രൂരതയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്ക്, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണെന്നും എസ്എഫ്‌ഐയുടെ മര്‍ദ്ദനത്തെ തുടര്‍ന്നു ജീവനൊടുക്കേണ്ടി വന്ന പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ രക്ഷിതാക്കളെ നെടുമങ്ങാടുള്ള വീട്ടിലെത്തി സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു ഗവര്‍ണര്‍ പറഞ്ഞു.
കുടുംബത്തിന്റെ പരാതി നേരത്തെ തനിക്കു ലഭിച്ചതായും അതു ഡിജിപിക്കു കൈമാറിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏഴു പേരെ അറസ്റ്റ് ചെയ്തതായി ഡിജിപി അറിയിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നു പൊലീസും സര്‍വകലാശാലയും പറയുന്നു. എല്ലാവര്‍ക്കും അക്കാര്യം അറിയാം. മിടുക്കനായ വിദ്യാര്‍ഥിയെയാണു നഷ്ടമായത്. കേരളം സമ്പൂര്‍ണ സാക്ഷരതയുള്ള സംസ്ഥാനമാണ്. ഇവിടെ ചില ശക്തികള്‍ ക്രിമിനല്‍വല്‍ക്കരണം നടത്തുകയാണ്. സിപിഎം അവരുടെ സഹപ്രവര്‍ത്തകനായിരുന്ന ആളെ കൊലപ്പെടുത്തിയതായി ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പറഞ്ഞു. സീനിയര്‍ നേതാക്കളാണു ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ടത്. ഹൈക്കോടതി പ്രതികളുടെ ശിക്ഷ കൂട്ടി. മുതിര്‍ന്ന നേതാക്കള്‍ അക്രമത്തിനു കൂട്ടുനില്‍ക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.
വിദ്യാര്‍ഥി നേതാക്കളുടെ പേരിലുള്ള പൊലീസ് കേസുകള്‍ വര്‍ഷങ്ങള്‍ നീണ്ടുപോകും. അവര്‍ക്ക് ജോലിക്കോ, പാസ്‌പോര്‍ട്ടിനോ അപേക്ഷിക്കാനാകില്ല. അവര്‍ കാലക്രമേണ നേതാക്കളുടെ അടിമകളായി മാറും. യുവജനങ്ങളുടെ ജീവിതം നശിക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതേക്കുറിച്ച് ആലോചിക്കണം. പ്രവര്‍ത്തന രീതികളില്‍ മാറ്റം വരുത്തണം. അക്രമം കൊണ്ട് ഒന്നും നേടാനാകില്ല. യുവജനങ്ങള്‍ക്ക് അക്രമത്തിന്റെ പാതയില്‍ പരിശീലനം നല്‍കുന്നതില്‍നിന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ പിന്‍വാങ്ങണം. ഇതിനെക്കുറിച്ച് കേരള സമൂഹവും ചിന്തിക്കണം. ഇത്തരം അക്രമത്തെ പിന്തുണയ്ക്കണോ എന്ന് ആലോചിക്കണം. ഈ സംസ്ഥാനത്തിനു വലിയ സംസ്‌കാരിക ചരിത്രമുണ്ട്. വിദ്യാര്‍ഥിയുടെ മരണത്തില്‍ വളരെ വേദനയുണ്ടെന്നും തന്റെ മനസ് കുടുംബത്തോടൊപ്പമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.