ഇടുക്കി: നഗരമധ്യത്തിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളജ് വിദ്യാര്‍ഥിനിയെ അപമാനിക്കുകയും കരണത്തടിക്കുകയും ചെയ്തതായി പരാതി. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ക്കും മര്‍ദനമേറ്റു. നാലു പേര്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് 5.30-ഓടെ തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം.
മൂവാറ്റുപുഴയിലെ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തൊടുപുഴയില്‍ വടംവലി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. ഇവരില്‍ വിദ്യാര്‍ഥിനിയും മൂന്ന് സഹപാഠികളും മങ്ങാട്ടുകവലയിലെ റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തി. റസ്റ്ററന്റിലുണ്ടായിരുന്ന നാലു യുവാക്കളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് തട്ടി. പെണ്‍കുട്ടി പ്രതികരിച്ചതോടെ യുവാക്കള്‍ അസഭ്യം പറഞ്ഞെന്നും കരണത്തടിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവാക്കളില്‍ ഒരാള്‍ കത്തി വീശിയപ്പോള്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിനു മുറിവേല്‍ക്കുകയും ചെയ്തു. പ്രതികളില്‍ ഒരാള്‍ ഒട്ടേറെ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടയും കാപ്പ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞയാളാണെന്നും സൂചനയുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.