Social MediaTRENDING

കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരേയൊരു  പാർട്ടി കോൺഗ്രസാണ് 

കേരളത്തിൽ ബിജെപി വലിയൊരു ശക്തിയാകണം എന്നാഗ്രഹിക്കുന്ന ഒരു പാർട്ടിയുണ്ട്.
കോൺഗ്രസ് ദയനീയമായി തോൽക്കണമെന്നും അവർ മോഹിക്കുന്നു.
ലീഗ് യുഡിഎഫ് വിട്ടാൽ അത്രയും നല്ലത് എന്നും അവർ കരുതുന്നു.
വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബി ജെ പി പരമാവധി നേട്ടവും കോൺഗ്രസ് പരമാവധി കോട്ടവും ഉണ്ടാക്കണമെന്നും മുസ്ലിം പിന്തുണ ബാദ്ധ്യതയാണെന്നു കരുതുകയും ചെയ്യുന്ന ആ രാഷ്ട്രീയ(!) കക്ഷിയുടെ പേരാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മറ്റി.
അതിൻ്റെ കാരണങ്ങൾ വളരെ ലളിതമാണ്.
1. കോൺഗ്രസിനോ കോൺഗ്രസ് നയിക്കുന്ന സഖ്യത്തിനോ ഇന്ത്യൻ ഭരണം ഈ വരുന്ന തിരഞ്ഞെടുപ്പിലെന്നല്ല, വരുന്ന ആയിരം കൊല്ലത്തേയ്ക്കു കിട്ടില്ലെന്ന് ഏതു രാഹുൽ നെഹ്റുവിനും അറിയാം.
2. 2024-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്നു മനസിലാക്കാൻ വലിയ ബുദ്ധിയും അറിവുമൊന്നും വേണ്ട, ഏതു വിനു വി ജോണിനും ജയശങ്കറിനും അറിയാവുന്ന കാര്യമാണത്.
3. യുഡിഎഫ് തുടർച്ചയായ 15 കൊല്ലമെങ്കിലും കേരളത്തിൽ പ്രതിപക്ഷത്തായിരിക്കുമെന്നും ഇനിയൊരിക്കലും കേന്ദ്രഭരണം കിട്ടില്ലെന്നും കോൺഗ്രസിനടക്കം എല്ലാവർക്കും ഉറപ്പായിക്കഴിഞ്ഞ സ്ഥിതിക്ക് കേരളത്തിൽ ബി ജെ പി മുഖ്യ പ്രതിപക്ഷമായാൽ മാത്രമേ കോൺഗ്രസ് നേതാക്കൾക്കു രക്ഷയും കൂടണയാനൊരു കൂടും ഉണ്ടാകൂ എന്ന തികഞ്ഞ ബോദ്ധ്യം കോൺഗ്രസ് നേതാക്കൾക്കുണ്ട്, ആ കൂട് മാരാർജി ഭവനിലാണ്.
4. അവശിഷ്ട കോൺഗ്രസിനെ ആർ എസ് പി പോലെ മൂന്നംഗ പാർട്ടിയായി കൊണ്ടു നടക്കണമെന്നു മോഹിക്കുന്ന ചിലരെങ്കിലുമുണ്ട്. അവരെല്ലാം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പരസ്പരം കാലുവാരുമെന്നത് മൂന്നരത്തരമാണ്.
5. മൃദു ഹിന്ദുത്വയിൽ നിന്നും തീവ്ര ഹിന്ദുത്വയിലേയ്ക്കു നീങ്ങുന്ന അവശിഷ്ട കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലീഗ് ബാന്ധവം ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വെറുമൊരു ബാദ്ധ്യതയാണെന്ന് കോൺഗ്രസ് ഉറപ്പിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെങ്ങാനും അബദ്ധവശാൽ യുഡിഎഫ് നേട്ടമുണ്ടാക്കിയാൽ (!) അതിൻ്റെ ക്രെഡിറ്റ് പാർട്ടിയുടെ പ്രസിഡൻ്റ്  എന്ന നിലയിൽ സുധാകരനു പോകുന്നതു സതീശനു സഹിക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കഷ്ടകാലത്തിനു യു ഡി എഫ് ഭൂരിപക്ഷം നേടുന്നു എന്നു വെറുതെ സങ്കല്പിച്ചാൽ പോലും, പ്രായം പറഞ്ഞു തന്നെ വെട്ടുമെന്ന് സുധാകരനറിയാം. പിന്നെ ആരാൻ്റെ വിഴയ്ക്ക് താനെന്തിനു വെള്ളമൊഴിക്കണം?
സുധാകരൻ്റെയും സതീശൻ്റെയും കോൺഗ്രസ് ജയിച്ചു കാണാൻ രമേശ് ചെന്നിത്തലയോ കെ മുരളീധരനോ സ്വപ്നത്തിൽ പോലും ആഗ്രഹിക്കില്ല. എങ്ങനെയും തോല്പിക്കാനേ അവരെല്ലാം ശ്രമിക്കൂ.
(ചിരിക്കാത്ത മുഖവുമായി ഖാർഗേയെക്കാപ്പം തൃശൂരിലും സമരാഗ്നി ഉദ്ഘാടനത്തിനും വേദി പങ്കിട്ട രമേശിൻ്റെ ശരീരഭാഷ ഓർക്കുക)
തോൽക്കാനാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും താല്പര്യം. എന്നാലേ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയൂ.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു കാര്യമൊന്നുമില്ല, മൂന്നാമതും പ്രതിപക്ഷത്തുടർച്ച തന്നെ.
അതുകൊണ്ട് ബിജെപി വളരണം. ശശി തരൂർ-രമേശ് ചെന്നിത്തല- കെ മുരളീധരൻ സഖ്യം നയിക്കുന്ന, പെരുന്നയുടെ പിന്തുണയുള്ള, സുരേഷ് ഗോപി ഉൾപ്പെട്ട പുതിയൊരു ബി ജെ പി.
ഭരണം കിട്ടിയില്ലെങ്കിലും ഫണ്ടിൽ മുങ്ങി മരിക്കാം.
ഒരാൾക്കു പ്രതിപക്ഷ നേതാവിൻ്റെ ക്യാബിനറ്റ് പദവി കിട്ടും. ബാക്കിയെല്ലാവർക്കും കേന്ദ്രമന്ത്രി സ്ഥാനലബ്ധി. ആനന്ദലബ്ധിക്കിനിയെന്തു വേണം!
കോൺഗ്രസിൽ നിന്നാലോ? ഫണ്ടില്ല, കേരള ഭരണവുമില്ല, കേന്ദ്ര ഭരണവുമില്ല, ഒരിക്കലും കിട്ടാനും പോകുന്നില്ല.
അടിപടലെ തകർന്ന കോൺഗ്രസിനെ ഒന്നുകൂടി തകർത്തു തരിപ്പണമാക്കണം. ലീഗിനെ പുറത്തുചാടിക്കണം. എന്നിട്ട് സാമുദായിക ധ്രുവീകരണവും മുതലെടുപ്പും നടത്തി കേരളത്തിലെ ബി ജെ പി യെ വളർത്തി അതിലേയ്ക്കു ചേക്കേറണം.
അതിനുള്ള വഷളൻ നാടകങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്.
ആ നാടകത്തിലെ ഒരു രംഗമായിരുന്നു പുതുപ്പള്ളി പത്രസമ്മേളനത്തിൽ നേരത്തെ കണ്ടത്. താനെന്നാ ഒണ്ടാക്ക് എന്നു പറയാതെ പറഞ്ഞ് സുധാകരനോടു സതീശൻ പരസ്യമായി ക്ഷുഭിതനായതും പത്രപ്രവർത്തകൻ്റെ ചോദ്യം മനസിലാകാത്ത സുധാകരനെ സതീശൻ പരിഹസിച്ചതുമായ രംഗങ്ങൾ.
മറ്റൊരു രംഗമായിരുന്നു ഇന്നലെ ആലപ്പുഴയിൽ അരങ്ങേറിയത്.
സ്വന്തം പാർട്ടി നേതാക്കളോടു പോലും സാമാന്യമര്യാദ കാണിക്കാൻ തയ്യാറാകാത്ത കോൺഗ്രസ് നേതാക്കൾ പൊതുജനത്തിനോട് എങ്ങനെ പെരുമാറുമെന്ന് ജനത്തിനറിയാം.
കോൺഗ്രസ് നേതാക്കളുടെ മത്സരം സംഘപരിവാറിനോടല്ല, മറിച്ച് കോൺഗ്രസ് നേതാക്കളെ പരസ്പരം കാലുവാരി കോൺഗ്രസ് മുക്ത നാടിനും രാജ്യത്തിനും വേണ്ടിയാണ് കോൺഗ്രസുകാർ ശ്രമിക്കുന്നതെന്നും ജനം എന്നേ മനസിലാക്കിക്കഴിഞ്ഞു.
2019-ൽ രാഹുൽ നെഹ്റു പ്രധാനമന്ത്രിയാകുമെന്ന മിഥ്യാധാരണയിൽ കേരളം 19 സീറ്റ് നൽകി എന്നതു നേരാണ്.
2024-ൽ കോൺഗ്രസ് ദേശീയ രാഷ്ട്രീയ ചിത്രത്തിലേയില്ല.
ബിജെപിയെ നാനൂറിലധികം സീറ്റിലെത്തിക്കാനാണ് രാഹുൽ നെഹ്റുവും കമൽനാഥും മുതൽ പേർ ചേർന്ന് ആഞ്ഞു ശ്രമിക്കുന്നത്.
400-ൽ അധികം സീറ്റെന്ന നേട്ടം രാഹുൽ നെഹ്റുവും നെഹ്റു കുടുംബത്തിൻ്റെ സ്വകാര്യ സ്വത്തായ അവശിഷ്ട കോൺഗ്രസും നിലനിൽക്കുന്നിടത്തോളം ബിജെപിക്ക് അപ്രാപ്യമല്ല. അതിനാണ് കോൺഗ്രസ് എന്ന ചത്ത കുതിരയെ നിലനിർത്താൻ ദേശീയ ബിജെപി ശ്രമിക്കുന്നത്. അവശിഷ്ട കോൺഗ്രസ് എന്ന നാമാവശേഷമായ കുടുംബസ്വത്തും അതിൻ്റെ ഉടമസ്ഥരായ സോണിയ കുടുംബത്തിലെ കോമാളികളും നിലനിൽക്കുന്നിടത്തോളം സംഘപരിവാറിന് ഒന്നും ഭയക്കേണ്ടതില്ല. അവശിഷ്ട കോൺഗ്രസും രാഹുലെന്ന കോമാളിയുമാണ് സംഘപരിവാറിൻ്റെ ഐശ്വര്യം.
ആ ഐശ്വര്യത്തിൻ്റെ പങ്ക് മാരാർജി ഭവനിലെത്തി പങ്കുപറ്റാൻ മാത്രമാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ മത്സരിക്കുന്നത്.
കോൺഗ്രസുകാർക്കു ഭയക്കേണ്ടതില്ല. അവരുടെ ഇടം മാരാർജി ഭവനിൽ അവരെ കാത്തിരിക്കുന്നു.
ഭയക്കേണ്ടതു നമ്മളാണ്, മതേതര-ഭരണഘടനാവാദികളായ സാധാരണക്കാർ.
വലതു പക്ഷത്തെ ആസ്ഥാന സവർണ്ണ ബുദ്ധിജീവികൾ കോൺഗ്രസിനെയും വലിയ വായനക്കാരായ സതീശനെയും വേണുഗോപാലിനെയും വാഴ്ത്തുകളാൽ മൂടുകയും നെഹ്റുവിനെയും ഗാന്ധിയെയും ചരിത്രം അദൃശ്യമാക്കിയ മുറിവുകളെയും കുറിച്ചു വാതോരാതെ എഴുതുകയും പറയുകയും സ്വന്തം റോയൽറ്റി വർദ്ധനയിൽ എന്നും പോസ്റ്റിട്ടു പുളകിതരായി ജീവിക്കുകയും ചെയ്യും.
വർത്തമാനകാലം ദൃശ്യമാക്കുന്ന ആഴമേറിയ മുറിവുകളെക്കുറിച്ചാണു നമ്മൾ സംസാരിക്കേണ്ടത്.
കോൺഗ്രസുകാർക്കും അവരുടെ ആസ്ഥാന ബുദ്ധിജീവി/സ്വാമി ഗണങ്ങൾക്കും ഇന്ത്യൻ വർത്തമാനകാലവും അതിൻ്റെ മുറിവുകളും കെ സുധാകരൻ ഇന്നലെ ആലപ്പുഴയിൽ പറഞ്ഞ അതേ സാധനമാണ്.
നമുക്ക് അതല്ല.
സംഘപരിവാറിനെ നമുക്ക് സുധാകരൻ പറഞ്ഞ അതേ സാധനമാക്കി കണക്കാക്കാൻ കഴിയണമെങ്കിൽ കോൺഗ്രസിന് വോട്ടു ചെയ്യാതിരിക്കുക.
എസ് സുധീപ്,
സോഷ്യൽ മീഡിയ

Back to top button
error: