KeralaNEWS

മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; ചര്‍ച്ച തൃപ്തികരമെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനുവേണ്ടി കോണ്‍ഗ്രസുമായി നടത്തിയ ചര്‍ച്ച തൃപ്തികരമെന്ന് മുസ്‌ലിം ലീഗ് അവകാശപ്പെട്ടെങ്കിലും, സീറ്റ് ലഭിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍, മുസ്‌ലിം ലീഗിനു മൂന്നാം സീറ്റ് നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ബുദ്ധിമുട്ട് അറിയിച്ചതായാണു സൂചന. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന നിര്‍ദേശം മുസ്‌ലിം ലീഗിനു മുന്‍പില്‍ കോണ്‍ഗ്രസ് വച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദേശം ചൊവ്വാഴ്ചത്തെ ലീഗ് യോഗം ചര്‍ച്ച ചെയ്യും.

രാജ്യസഭാ സീറ്റ് നല്‍കാമെന്ന നിര്‍ദ്ദേശമാണ് മുന്നോട്ടുവച്ചതെന്ന് യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കി. മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശും പ്രതികരിച്ചു.

Signature-ad

കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ച തൃപ്തികരമെന്നായിരുന്നു യോഗത്തിനു പിന്നാലെ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ഫെബ്രുവരി 27ന് പാണക്കാട് നേതൃയോഗം ചേര്‍ന്ന് യോഗതീരുമാനങ്ങള്‍ വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം അറിയിക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സ്ഥലത്തില്ലാത്തതിനാല്‍, അദ്ദേഹം എത്തിയശേഷം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നു യോഗത്തിനു തൊട്ടുമുന്‍പും മുസ്‌ലിം ലീഗ് വ്യക്തമാക്കിയിരുന്നു. മൂന്നാം സീറ്റ് ഉറപ്പായും വേണമെന്നും നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നുമായിരുന്നു യോഗത്തിനു മുന്‍പ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞത്.

 

 

 

Back to top button
error: