KeralaNEWS

കുറുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ മാതാവും സഹോദരനും ട്രെയിന്‍ തട്ടിമരിച്ച നിലയില്‍

പാലക്കാട്: മലമ്പുഴയില്‍ കടുക്കാംകുന്ന് പാലത്തിന് സമീപം അമ്മയെയും മകനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ചെറാട് സ്വദേശികളായ റഷീദ (46) മകന്‍ ഷാജി (23) എന്നിവരാണ് മരിച്ചത്.

ബാബു

കുറുമ്പാച്ചി മലയില്‍ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനുമാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി പതിനൊന്നോടെയാണ് അപകടം നടന്നതെന്നാണ് വിവരം. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു.

Signature-ad

2022 ഫെബ്രുവരിയിലാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. മലകയറി തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് സൈന്യം, എന്‍.ഡി.ആര്‍.എഫ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു, കോസ്റ്റ് ഗാര്‍ഡ്, വ്യോമസേന തുടങ്ങി നിരവധി ഏജന്‍സികള്‍ സംയുക്തമായി നടത്തിയ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ബാബുവിനെ രക്ഷപ്പെടുത്തിയത്. സംരക്ഷിത വനപ്രദേശത്തിന്റെ ഭാഗമായ മലയില്‍ കയറിയതിന് അന്ന് ബാബുവിനെതിരെ കേസെടുത്തിരുന്നു.

അതേസമയം, ബന്ധുവീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തിയ കേസിലാണ് ബാബുവിനെ കഴിഞ്ഞ വര്‍ഷം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.

കാനിക്കുളത്തെ പോളിടെക്നിക്ക് കോളേജിന് സമീപമുള്ള ബന്ധുവീട്ടിലെത്തി ബഹളമുണ്ടാക്കിയ ബാബു വാതില്‍ ചവിട്ടിത്തുറന്ന് അകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു. വീടിനകത്ത് കയറി സാധനങ്ങള്‍ വലിച്ചുവാരിയിടുകയും ഗൃഹോപകരണങ്ങള്‍ തകരാറിലാക്കുകയും ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ഗ്യാസ് സിലിണ്ടര്‍ തുറന്നിടുകയും ചെയ്തിരുന്നു.

Back to top button
error: