IndiaNEWS

പ്രതിഷേധക്കാര്‍ കലക്ടറുടെ വസതിയിലേക്ക് ഇരച്ചുകയറി തീയിട്ടു; മണിപ്പുരില്‍ പൊലീസ് വെടിവയ്പ്പില്‍ 2 മരണം

ഇംഫാല്‍: മണിപ്പുരിലെ ചുരാചന്ദ്പുരില്‍ ആള്‍ക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഘര്‍ഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകള്‍ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്.

കുക്കി ഗോത്ര വിഭാഗത്തില്‍പ്പെട്ട പൊലീസ് കോണ്‍സ്റ്റബളിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ആള്‍ക്കൂട്ടം പൊലീസ് സൂപ്രണ്ടന്റിന്റെ വസതിക്കു മുന്നില്‍ തടിച്ചു കൂടിയത്. ഗേറ്റിനു മുന്നില്‍ തടഞ്ഞതിനാല്‍ തടിച്ചുകൂടിയവര്‍ വസതിക്കു നേരെ കല്ലെറിയാന്‍ ആരംഭിച്ചു. 300-400 പേര്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

Signature-ad

പ്രതിഷേധക്കാര്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ പ്രചരിച്ചു എന്ന കാരണത്താലാണ് പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, സമാന രീതിയിലുള്ള വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിട്ടും മെയ്‌തെയ് വിഭാഗത്തിലുള്ള പൊലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ല എന്നാണ് ചുരാചന്ദ്പുരിലെ ഗോത്രവിഭാഗങ്ങളുടെ സംഘടനയായ ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം അറിയിച്ചത്.

Back to top button
error: