IndiaNEWS

ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ട് നാവികരെ വിട്ടയച്ചു; ഒരു ഇന്ത്യന്‍ നയതന്ത്രവിജയഗാഥ

ദോഹ: ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം എട്ടു മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. നാവികസേനയില്‍ സെയ്ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ട. കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ട. ക്യാപ്റ്റന്‍മാരായ നവ്തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.

ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഏഴു പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഖത്തറിന്റെ തീരുമാനം വിദേശകാര്യമന്ത്രാലയം സ്വാഗതം ചെയ്തു. ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്തിരുന്നു. 2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ദുബായ് കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

Signature-ad

ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന പൂര്‍ണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്. ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി ഫിന്‍സാന്റിയറി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് 8 പേര്‍ക്കും കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരുന്ന ഒമാന്‍ സ്വദേശി ഖാമിസ് അല്‍ നജ്മിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റമെന്നു ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നജ്മിയെ പിന്നീടു ജാമ്യത്തില്‍ വിട്ടിരുന്നു.

Back to top button
error: