IndiaNEWSPravasi

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രം ; ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് 

അബുദാബി : പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ശിലാ ക്ഷേത്രമായ ബാപ്സ് ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനം ഈ മാസം 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും.

ദുബായ്-അബുദാബി ഹൈവേയില്‍ അബു മുറൈഖയില്‍ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നല്‍കിയ 27 ഏക്കര്‍ സ്ഥലത്താണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ യുഎഇ ഭരണാധികാരികള്‍ ഉള്‍പ്പെടെ അറബ് പ്രമുഖകരും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

ഓരോ എമിറേറ്റുകളെയും പ്രതിനിധീകരിക്കുന്ന ഏഴു കൂറ്റന്‍ ഗോപുരങ്ങളാണ് ക്ഷേത്രത്തിന്‍റെ മുഖ്യ ആകര്‍ഷണം.2018ലാണ് ക്ഷേത്ര നിര്‍മാണത്തിന് ശിലയിട്ടത്. 2019 ഡിസംബറിൽ  നിര്‍മ്മാണം ആരംഭിച്ചു. 32 മീറ്റര്‍ ആണ് ക്ഷേത്രത്തിന്‍റെ ഉയരം.

Signature-ad

ഇന്ത്യയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള പിങ്ക് മണല്‍ക്കല്ലും വെള്ള മാര്‍ബിളുമാണ് നിര്‍മ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്. പിങ്ക് മണല്‍ക്കല്ലുകള്‍ 1000 വര്‍ഷത്തിലേറെക്കാലം ഈടു നില്‍ക്കുമെന്നാണ് വിലയിരുത്തുന്നത്. ഭൂകമ്ബങ്ങളില്‍ നിന്നു പോലും സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്‍റെ രൂപകല്‍പന.ശിലാരൂപങ്ങള്‍ കൊണ്ട് നിർമിച്ച 96 തൂണുകളാണ് ക്ഷേത്രത്തിനകത്തുള്ളത്.

ആത്മീയവും സാംസ്‌കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല എന്നിവയും ക്ഷേത്രത്തോട് അനുബന്ധിച്ച്‌ നിർമിക്കുന്നുണ്ട്. മഹാഭാരതം, രാമായണം തുടങ്ങിയ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കൊപ്പം ബുർജ് ഖലീഫ, അബൂദബിയിലെ ശൈഖ് സായിദ് മോസ്ക് ഉള്‍പ്പെടെയുള്ള യുഎഇയിലെ പ്രമുഖ നിർമിതികളുടെ രൂപങ്ങളും വെണ്ണക്കല്ലില്‍ കൊത്തിയിട്ടുണ്ട്. ഫെബ്രുവരി 18 മുതല്‍ പൊതു ജനങ്ങള്‍ക്ക് ക്ഷേത്ര സന്ദർശനം അനുവദിക്കുമെങ്കിലും മാർച്ച്‌ ഒന്നുമുതലാണ് പൂർണമായ തോതില്‍ സന്ദർശനം അനുവദിക്കുക.

Back to top button
error: