പാലക്കാട്: മദ്യം വാങ്ങാനുള്ള കഷ്ടപ്പാടുകള്‍ നിരത്തി പാലക്കാട് സ്വദേശി നവകേരള സദസില്‍ നല്‍കിയ അപേക്ഷയില്‍ ഉടനടി നടപടി. പാലക്കാട് എലപ്പുള്ളി സ്വദേശി ഷിബുവാണ് അപേക്ഷ നല്‍കിയത്. കിലോമീറ്ററോളം സഞ്ചരിച്ച് നീണ്ട വരിയില്‍ നിന്നാലും, മദ്യം കിട്ടാന്‍ സമയം എടുക്കുന്നു. സ്ഥലപരിമിതി പരിഹരിക്കണം. നീണ്ട വരി ഒഴിവാക്കാന്‍ നടപടി വേണം. ഇതൊക്കെയായിരുന്നു ഷിബുവിന്റെ പരാതി.
ഇതിന് പിന്നാലെ തൊട്ടടുത്ത ഷോപ്പില്‍ ഉടനെ പുതിയ കൗണ്ടറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിച്ചു. ബീവറേജസ് കോര്‍പ്പറേഷന്‍ തൃശൂര്‍ റീജിയണല്‍ ഓഫീസില്‍ നിന്നാണ് മറുപടിയെത്തിയത്. എന്നാല്‍ ഇതേ പഞ്ചായത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വീട് നിര്‍മാണത്തിന് സഹായം ചോദിച്ച് കൊടുത്ത പരാതിയില്‍ ഇതുവരെ മറുപടി പോലും കൊടുത്തില്ല.
നവകേരള സദസില്‍ ലഭിച്ച മദ്യപന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ചതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. നവകേരള സദസില്‍ ഈ ഒരു പരാതി മാത്രമാണോ ലഭിച്ചതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ഷോപ്പിന്റെ നിലവിലുള്ള സ്ഥലസൗകര്യവും കൗണ്ടറുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുമെന്നും സെല്‍ഫ് ഹെല്‍പ് പ്രീമിയം സൗകര്യം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ മറുപടിയായി അറിയിച്ചു.
നവകേരള സദസില്‍ ലഭിച്ച ചില പരാതിയില്‍ അതിവേഗം നടപടി. എന്നാല്‍ ചിലരെ അവഗണിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. ലോട്ടറി വില്‍പന നടത്തുന്ന എലപ്പുള്ളി സ്വദേശിയായ ട്രാന്‍സ്‌ജെന്‍ഡര്‍ ശ്രീദേവിയും നവകേരള സദസില്‍ വീട് വയ്ക്കാന്‍ സഹായിക്കണമെന്ന് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇതിന് ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ല. പ്രതീക്ഷയില്ലെന്ന് മാദ്ധ്യമങ്ങളോട് ശ്രീദേവി പ്രതികരിച്ചു.