KeralaNEWS

ഇഡിയുടെ സമന്‍സിനെ ഭയക്കുന്നത് എന്തിന്?; മാസപ്പടി കേസില്‍ കിഫ്ബിയോട് ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസില്‍ ഇഡി സമന്‍സിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. സമന്‍സ് അയക്കുന്നത് സ്വാഭാവികമായ നിയമനടപടിയല്ലേ. അതിനെ എന്തിനാണ് ഭയക്കുന്നത്. സമന്‍സിനോട് പ്രതികരിക്കുകയല്ലേ വേണ്ടതെന്നും കോടതി ചോദിച്ചു. ഇഡി സമന്‍സ് ചോദ്യം ചെയ്ത് കിഫ്ബി സിഇഒ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

പ്രാഥമിക അന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകള്‍ ആവശ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയില്‍ വ്യക്തമാക്കി. പ്രമുഖര്‍ ഉള്‍പ്പെട്ട നൂറിലധികം ഫെമ കേസുകള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിനായി സര്‍ട്ടിഫൈഡ് കോപ്പികള്‍ ഉള്‍പ്പെടെ ആവശ്യമായി വരും. അത് ഹാജരാക്കാനാണ് ആവശ്യപ്പെടുന്നതെന്നും ഇഡി ചൂണ്ടിക്കാട്ടി.

Signature-ad

മസാല ബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആറാം തവണയാണ് തനിക്ക് സമന്‍സ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാം കോടതിയില്‍ അറിയിച്ചു. ഇത് പീഡനമാണ്. അതുകൊണ്ടാണ് അതു ചോദ്യം ചെയ്യുന്നത്. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കിയിട്ടുണ്ട്. പിന്നെയും വീണ്ടും വീണ്ടും സമന്‍സ് അയക്കുകയാണെന്നും കിഫ്ബി സിഇഒ അറിയിച്ചു.

സമന്‍സ് പിന്‍വലിക്കാനാകില്ലെന്നും, കിഫ്ബി അന്വേഷണവുമായി സഹകരിക്കണമെന്നും വ്യക്തമാക്കി ഇഡി കഴിഞ്ഞദിവസം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണം സ്തംഭിപ്പിക്കാന്‍ കിഫ്ബി പലതരത്തില്‍ ശ്രമിക്കുന്നു. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നില്ലെന്നും ഇഡി ആരോപിച്ചിരുന്നു. ഈ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കിഫ്ബി കൂടുതല്‍ സമയം തേടി. ഇതേത്തുടര്‍ന്ന് കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.

 

Back to top button
error: