തൃശൂര്‍: രാമായണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വിവാദമായതിനു പിന്നാലെ പിന്‍വലിച്ചും, ഖേദം പ്രകടിപ്പിച്ചും തൃശൂര്‍ എംഎല്‍എ പി.ബാലചന്ദ്രന്. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് പഴയ കഥയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരെയും മുറിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ആരും ഇതിന്റെ പേരില്‍ വിഷമിക്കരുതെന്നും പുതിയ പോസ്റ്റിലുണ്ട്.
വിവാദ പോസ്റ്റുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണ് ഖേദപ്രകടനം.
”കഴിഞ്ഞ ദിവസം എഫ്ബിയില്‍ ഞാന്‍ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താല്‍ ഉദ്ദേശിച്ചതല്ല. ഞാന്‍ മിനിറ്റുകള്‍ക്കകം അത് പിന്‍വലിക്കുകയും ചെയ്തു ഇനി അതിന്റെ പേരില്‍ ആരും വിഷമിക്കരുത്. ഞാന്‍ നിര്‍വ്യാജം ഖേദം രേഖപ്പെടുത്തുന്നു.” -ബാലചന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമര്‍ശനം കടുത്തതോടെയാണു ഫെയ്സ്ബുക് പോസ്റ്റ് ബാലചന്ദ്രന് പിന്‍വലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്. ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് പങ്കുവച്ച് വിമര്‍ശനവുമായി ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു.