കുടുംബാംഗങ്ങൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കടന്ന് 63 പവൻ കവർന്ന് മോഷ്ടാവ്. സംഭവസമയത്ത് വീട്ടിലെ വളർത്തു നായ കുരക്കാതിരുന്നത് കൊണ്ട് മോഷണം അറിഞ്ഞില്ലെന്ന് അയൽക്കാർ.
അറയ്ക്കല്‍ നെല്ലിശ്ശേരി ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ജോസഫും കുടുംബവും മകളുടെ വീട്ടിലേക്ക് പോയ സമയത്താണ് മോഷ്ടാവ് വീട്ടിൽ കയറിയതും വിദഗ്ധമായി മോഷണം നടത്തിയതും. പരാതിയില്‍ കേസ് എടുത്ത പോലീസ് ജോസഫിന്റെ വീടിന്റെ പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. സിസിടിവി ദൃശ്യത്തിൽ അപരിചിതനായ ഒരാൾ വീടിനോടു ചേർന്ന് നിന്ന് ഫോൺ വിളിക്കുന്നതായും കുറച്ച് സമയത്തിനു ശേഷം മറ്റൊരു ബൈക്കിൽ കയറി പോകുന്നത് കണ്ടതായും പൊലീസ് പറയുന്നു. അന്വേഷണം ഊർജിതമായി ആരംഭിച്ചു.
ജോസഫും കുടുംബവും മകളുടെ വീട്ടിൽ തിരുനാൾ വിരുന്നിന് പോയ സമയത്താണ് മോഷണം നടന്നത്. ജോർജിന്റെ മകൻ സെബിന്റെ ഭാര്യ റിനിയുടേയും മകള്‍ റോസ് മേരിയുടേതുമാണ് മോഷണംപോയ സ്വർണാഭരണങ്ങൾ. മോഷണ വസ്തുക്കളിൽ വജ്രമാല അടക്കം ഉൾപ്പെടുന്നതായി വീട്ടുകാര്‍ പറയുന്നു. മകളുടെ വീട്ടിൽ നിന്നും വൈകിട്ട് അഞ്ചരയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം വീട്ടുകാർ അറിയുന്നത്. വീട്ടിലെ എല്ലാ അലമാരികളും തുറന്ന് കിടന്ന നിലയിലും പിൻവശത്തെ വാതിലിന്റെ ബോൾട്ട് ഇളക്കിമാറ്റിയ നിലയിലും കണ്ടു.