ബുംറയും സിറാജും വിക്കറ്റ് എടുക്കാനാകാതെ വിയര്‍ത്തിട്ടും നിതീഷ് റെഡ്ഡിയെ തഴഞ്ഞ് പന്ത്; നല്‍കിയത് ആറ് ഓവറുകള്‍ മാത്രം; കമന്ററി ബോക്‌സില്‍ പരിഹാസവുമായി ദിനേഷ് കാര്‍ത്തിക്; ‘അങ്ങനെയൊരു ബോളറുള്ള കാര്യം അവര്‍ മറന്നെന്നു തോന്നുന്നു’

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം ഇന്ത്യന്‍ ബോളര്‍മാര്‍ വിക്കറ്റു വീഴ്ത്താനാകാതെ കുഴങ്ങുമ്പോഴും നിതീഷ് കുമാര്‍ റെഡ്ഡിയെ പന്തെറിയാന്‍ ഉപയോഗിക്കാതിരുന്ന ക്യാപ്റ്റന്‍ ഋഷഭ് പന്തിന് വിമര്‍ശനം.
രണ്ടാം ദിവസം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കയുടെ ഒരു വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യയ്ക്കു സാധിച്ചിരുന്നില്ല. ബോളര്‍മാരായ ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ എങ്ങനെയൊക്കെ പന്തെറിഞ്ഞിട്ടും സെനുരന്‍ മുത്തുസാമി കൈല്‍ വെരെയ്ന്‍ കൂട്ടുകെട്ടു തകര്‍ക്കാന്‍ സാധിച്ചിരുന്നില്ല.
അപ്പോഴും ബോളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഋഷഭ് പന്ത് ഉപയോഗിച്ചിരുന്നില്ല. ഇതോടെയാണ് കമന്ററി ബോക്‌സില്‍ ഇരുന്ന് പന്തിന്റെ തന്ത്രങ്ങളെ മുന്‍ ഇന്ത്യന്‍ താരം ദിനേഷ് കാര്‍ത്തിക്ക് പരിഹസിച്ചത്. പേസ് ബോളിങ് ഓള്‍റൗണ്ടറായി ടെസ്റ്റ് ടീമിലെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ ദിവസം നാല് ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്.
രണ്ടാം ദിനത്തിലെ രണ്ടോവറുകളും ചേര്‍ത്ത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ താരം എറിഞ്ഞത് ആറ് ഓവറുകള്‍ മാത്രം. പേസര്‍മാരായ ജസ്പ്രീത് ബുമ്ര 32 ഉം മുഹമ്മദ് സിറാജ് 30 ഉം ഓവറുകള്‍ എറിഞ്ഞ് കുഴങ്ങിയിട്ടും നിതീഷ് റെഡ്ഡിക്ക് കൂടുതല്‍ ഓവറുകള്‍ നല്‍കാന്‍ ഋഷഭ് പന്ത് തയാറായില്ല.
”നിതീഷ് കുമാര്‍ റെഡ്ഡിയെന്ന ബോളറുള്ള കാര്യം അവര്‍ മറന്നുവെന്നു തോന്നുന്നു. ബോളറായി ടീമിലെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനു കുറച്ചുകൂടി ഓവറുകള്‍ നല്‍കാവുന്നതാണ്.” ദിനേഷ് കാര്‍ത്തിക്ക് വ്യക്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ 489 റണ്‍സെടുത്താണ് ദക്ഷിണാഫ്രിക്ക പുറത്തായത്. സെനുരന്‍ മുത്തുസാമി ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി സെഞ്ചറി നേടി. 206 പന്തുകള്‍ നേരിട്ട താരം 109 റണ്‍സെടുത്തു. 91 പന്തില്‍ 93 റണ്‍സെടുത്ത മാര്‍കോ യാന്‍സനും ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങി.






