Breaking NewsKeralaLead NewsMovieNEWSNewsthen Special

ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്; ആരെയോ കാത്തിരിക്കുന്ന ആരോ; രഞ്ജിത്തിന്റെ കയ്യൊപ്പും ആരോയും ഒരു തുടര്‍ച്ചയാണ്; മനോഹരമായ ഒരു തുടര്‍ച്ച

കയ്യൊപ്പിലെ ബാലനെന്ന ബാലചന്ദ്രന്റേയും പത്മയുടേയുമൊക്കെ ഒരു തുടര്‍ച്ചയല്ലേ സത്യത്തില്‍ ആരോ എന്ന രഞ്ജത്ത് സിനിമ. ആണെന്ന് തോന്നിപ്പോകുന്ന ഒരുപാട് ഫ്രെയമുകളും സാധ്യതകളും ആരോയില്‍ രഞ്ജിത് ചേര്‍ത്തുവെച്ചിട്ടുണ്ട്.
കയ്യൊപ്പിലെ ബാലന്റെ പുസ്തകങ്ങള്‍ നിറഞ്ഞ മുറിയോട് ഏറെ സാമ്യമുണ്ട് ആരോ എന്ന കൊച്ചു ചിത്രത്തിലെ ശ്യാമപ്രസാദിന്റെ വീട്ടിലെ മുറിക്ക്.
കയ്യൊപ്പില്‍ ബാലന്‍ അവസാന യാത്രക്കൊരുങ്ങും മുന്‍പ് മഴ പെയ്യുന്നുണ്ട്. ആരോയിലും ഒരു അവസാനയാത്രയുടെ തുടക്കത്തില്‍ മഴ തിമര്‍ത്തുപെയ്യുന്നുണ്ട്.
ബാലന് എഴുതാന്‍ സാധിക്കാതെ അസ്വസ്ഥനായി പേജുകള്‍ എഴുതിയ ശേഷം കീറിയെറിയുന്ന റൈറ്റേഴ്‌സ് ബ്ലോക്കിനെ ഓര്‍മിപ്പിച്ച അതേ മാനസികാവസ്ഥ ശ്യാമപ്രസാദിന്റെ കഥാപാത്രത്തിനുമുണ്ടാകുന്നുണ്ട്.


കയ്യൊപ്പിലും ആരോയിലും ഓട്ടോറിക്ഷ ബാലനേയും ശ്യാമപ്രസാദിനേയും കൊണ്ടുപോകാനെത്തുന്നതും കൗതുകസാദൃശ്യമായി തോന്നി.
അതിലെല്ലാമുപരി കാത്തിരിപ്പാണ് കയ്യൊപ്പിന്റെ ക്ലൈമാക്‌സ് എങ്കില്‍ ആരോ എന്ന ചിത്രം ആ കാത്തിരിപ്പിന്റെ ഒരു എക്‌സ്്റ്റന്‍ഷന്‍ ആണെന്ന് പറയാം.
കയ്യൊപ്പില്‍ ഒരിക്കലും എത്താത്ത ബാലചന്ദ്രനെന്ന ബാലനെ കാത്ത് അയാള്‍ക്കേറെ പ്രിയപ്പെട്ട പത്മയും കിളിപ്പാട്ട് പബ്ലിക്കേഷന്‍സിലെ ശിവദാസനും ലളിതയും ഓപ്പറേഷന്‍ തീയറ്ററിലേക്ക് കയറാന്‍ പൈസയടക്കാന്‍ കഴിയാതെ വിഷമിച്ചിരിക്കുന്ന ബാലന്റെ കൊച്ചുകൂട്ടുകാരിയും അവളുടെ ഉപ്പൂപ്പ ആലിക്കോയയും ഡോ.ജയശങ്കറുമൊക്കെ കൃത്യമായി ഒരാളെ കാത്തിരിക്കുന്നുണ്ട്. ആരോ എന്ന ചിത്രത്തില്‍ ശ്യാമപ്രസാദ് കാത്തിരിക്കുന്നത് ആരെയാണെന്ന് പ്രേക്ഷകന്‍ ഊഹിച്ചെടുക്കണമെന്ന് മാത്രം. അത് എങ്ങിനെ വേണമെന്ന് വ്യാഖ്യാനിക്കാനുള്ള അവസരം സംവിധായകന്‍ പ്രേക്ഷകന് വിട്ടുതരുമ്പോഴാണ് ഒരു കലാസൃഷ്ടി ചര്‍ച്ചയും വിവാദവും ആഘോഷവുമാകുന്നത്.
ആരോ എന്ന സിനിമ ഏകാന്തതയുടെ അലസമായ നിമിഷങ്ങളില്‍ നിന്ന് പെട്ടന്ന് ആരോ വരുമെന്ന പ്രതീക്ഷയുടെ ഒരുക്കുകൂട്ടങ്ങളിലേക്ക് കടക്കുകയും പിന്നീട് ആ ആളെത്തുമ്പോള്‍ അതുവരെ ഉണ്ടായിരുന്ന പ്രതീക്ഷയും കാത്തിരിപ്പും ആ നിമിഷം അവസാനിക്കുകയും ചെയ്യുകയാണ്.

Signature-ad


കയ്യൊപ്പിലെ ബാലന്‍ മൊബൈല്‍ ഫോണ്‍ നിരക്ഷകനാണെങ്കില്‍ ആരോയിലെ ശ്യാമപ്രസാദിന് മൊബൈല്‍ ഫോണ്‍ അറിയാമെങ്കിലും അതിലെ ചില ടെക്‌നിക്കല്‍ കാര്യങ്ങള്‍ അറിവില്ല. ബാലന്‍ ലോഡ്ജിലെ ബാബുവിനോട് മൊബൈല്‍ ഫോണിന്റെ സംശയങ്ങള്‍ ചോദിക്കും പോലെ ശ്യാമപ്രസാദ് ജോയ് എന്ന കൂട്ടുകാരനെ വിളിച്ചാണ് മൊബൈലിന്റെ സംശയങ്ങള്‍ തീര്‍ക്കുന്നുണ്ട്.
കയ്യൊപ്പില്‍ ബാലന്‍ കുറിച്ചിട്ട ഒരു കവിതാശകലം കേള്‍ക്കാമെങ്കില്‍ ആരോയില്‍ ശ്യാമപ്രസാദ് കുറിച്ചിടുന്ന ഒന്നുരണ്ടുവരിക്കവിതകള്‍ കേള്‍ക്കാനാകും.
ബാലനും ശ്യാമപ്രസാദും പുതിയ പ്രതീക്ഷികളോടെ പുതിയ ജീവിതത്തിലേക്കുള്ള യാത്രയുടെ ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ കയ്യൊപ്പില്‍ ബാലന്റെ ആ യാത്രയുടെ ഒടുക്കം എന്താണെന്ന് രഞ്്ജിത് കാണിച്ചു തരുന്നുണ്ട്. ആരോയില്‍ അത് പറയുന്നില്ല. പക്ഷേ അസുഖങ്ങള്‍ ഒരുപാടുള്ള ആരോയിലെ കഥാപാത്രത്തിന്റെ യാത്രയും അങ്ങോട്ടാണെന്ന് രഞ്ജിത് പറയാതെ പറയുന്നുണ്ട്.


കയ്യൊപ്പില്‍ ബാലനെ ജീവിക്കാന്‍ കൊതി തോന്നിപ്പിക്കുന്ന പോലെ ആരോയിലും ശ്യമപ്രസാദിനെ ജീവിപ്പിക്കാന്‍ കൊതി തോന്നിപ്പിക്കുന്നുണ്ട്. പക്ഷേ രണ്ടാള്‍ക്കും…
കയ്യൊപ്പ് എന്നുള്ള ടൈറ്റില്‍ ഫോണ്ടിനും ആരോയുടെ ടൈറ്റില്‍ ഫോണ്ടിനും പോലുമുണ്ട് ഒരു നേരിയ സാദൃശ്യം.
നിന്നെ കാണുമ്പോള്‍ തോന്നാത്ത സ്‌നേഹം
നിന്റെ ഛായയുള്ള ഒരുവളെ കാണുമ്പോള്‍
എനിക്ക് നിന്നോടു തോന്നുന്നു
എന്ന് ആരോയില്‍ പറയുന്നുമുണ്ട്.
ആരൊക്കെയോ കാത്തിരിക്കുന്ന കയ്യൊപ്പ്….
ആരെയോ കാത്തിരിക്കുന്ന ആരോ….

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: