വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനനില്‍ വ്യോമാക്രമണം: ഹിസ്ബുള്ള തലവനെ വധിച്ച് ഇസ്രയേല്‍ സൈന്യം; കൊല്ലപ്പെട്ടത് ചീഫ് ഓഫ് സ്റ്റാഫ് അലി തബാതബയി; പേജര്‍ ഓപ്പറേഷനുശേഷം ഐഡിഎഫിന്റെ നിര്‍ണായക നീക്കം; തലപൊക്കാന്‍ അനുവദിക്കില്ലെന്ന് നെതന്യാഹു

ബെയ്‌റൂട്ട്: ഹിസ്ബുല്ലയുടെ മുതിര്‍ന്ന നേതാവിനെ വ്യോമാക്രമണത്തില്‍ വധിച്ച് ഇസ്രയേല്‍. ബെയ്‌റൂട്ടില്‍ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല ചീഫ് ഓഫ് സ്റ്റാഫ് ഹയ്കം അലി തബാതബയിയാണ് കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ സംഘടനാബലം ശക്തിപ്പെടുത്താനും ആയുധ ശേഖരം മെച്ചപ്പെടുത്താനും ചുമതലയുള്ളയാളാണ് തബാതബയി. ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യുഎസിന്റെ മധ്യസ്ഥതയില്‍ ഒരുവര്‍ഷം മുന്‍പ് ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് ലബനന്‍ തലസ്ഥാനത്ത് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.
ഹിസ്ബുല്ലയുടെ പ്രബലകേന്ദ്രമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ മേഖലയിലെ ജനസാന്ദ്രതയേറിയ പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും ആക്രമണം വന്‍ നാശനഷ്ടത്തിനു കാരണമായെന്നും ലബനന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ നാഷനല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ഹരേത് ഹ്രെയ്ക് മേഖലയിലെ കെട്ടിടത്തില്‍ മൂന്ന് മിസൈലുകളാണ് പതിച്ചത്. വാഹനങ്ങള്‍ക്കും തൊട്ടടുത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. ഒമ്പതുനില കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് ആക്രമണമുണ്ടായതെന്നും സ്ഥലത്ത് നിന്ന് കനത്ത പുക ഉയരുന്നുണ്ടെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് വ്യക്തമാക്കി. ‘അല്‍പ സമയം മുന്‍പ് ബെയ്‌റൂട്ടിന്റെ ഹൃദയഭാഗത്ത് ഹിസ്ബുല്ലയുടെ ചീഫ് ഓഫ് സ്റ്റാഫിനെ ലക്ഷ്യമിട്ട് ഐഡിഎഫ് ആക്രമണം നടത്തിയിരുന്നു’നെതന്യാഹുവിന്റെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
എല്ലായ്‌പ്പോഴും എല്ലായിടത്തും തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു. യുഎസ് ട്രഷറി 2016ല്‍ ഹിസ്ബുല്ല ഭീകരനായി പ്രഖ്യാപിച്ചയാളാണ് തബാതബായി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ നയിം ഖാസെമിന് ശേഷം രണ്ടാമത്തെ പ്രമുഖ നേതാവാണ് തബാതബയി.
ആക്രമണത്തിനു പിന്നാലെ രാജ്യാന്തര സമൂഹം ഇടപെടണമെന്ന് ആവശ്യപ്പെട്ടു ലെബനീസ് പ്രസിഡന്റ് ജോസഫ് ആവോണ്‍ രംഗത്തുവന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷം ഇസ്രയേല്‍ പ്രതിദിനമെന്നോണം ഹിസ്ബുള്ള ആയുധ ഡിപ്പോകള്‍ ലക്ഷ്യമിട്ടു ലെബനനില്‍ വ്യോമാക്രമണം നടത്തുന്നുണ്ട്. എന്നാല്‍, ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഇതിനു മുമ്പ് അപൂര്‍വമാണ്.
ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ലെബനന്‍ നടപടിയെടുക്കാത്തിടത്തോളം കാലം ആക്രമണം നടത്തേണ്ടിവരുമെന്നാണ് ഇസ്രയേല്‍ നിലപാട്. ഒരിക്കല്‍ നിലംപരിശായ സംഘടന വീണ്ടും ഊര്‍ജം നേടാനാണ് ശ്രമിക്കുന്നത്. ഹിസ്ബുള്ളയെ വളരാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഷോഷ് ബെര്‍ദ്രോസിയാന്‍ പറഞ്ഞു.
ഹിസ്ബുള്ള തീവ്രവാദി ഹസന്‍ നസ്രല്ലയടക്കം നിരവധി നേതാക്കളെ ഇസ്രയേല്‍ വധിച്ചിരുന്നു. കുറഞ്ഞത് അയ്യായിരം ഹിസ്ബുള്ള തീവ്രവാദികളെയും വധിച്ചു. ഹിസ്ബുള്ള നിരാധയുധീകരണമടക്കം നടപ്പാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് വെടിനിര്‍ത്തല്‍ നടത്തിയത്. എന്നാല്‍, വീണ്ടും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ലെബനന്റെ അഞ്ച് തെക്കന്‍ പോസ്റ്റുകള്‍ ഇപ്പോഴും ഇസ്രയേലിന്റെ സൈനിക സാന്നിധ്യമുണ്ട്.






