ദുബായ് എയര്‍ഷോയ്ക്കിടെ തേജസ് വിമാനത്തിന്റെ തകര്‍ച്ച: ഇന്ത്യയുടെ കയറ്റുമതി സ്വപ്‌നങ്ങളെ ദീര്‍ഘകാലത്തേക്കു ബാധിക്കുമെന്ന് മുന്നറിയിപ്പ്; വിമാനം തകര്‍ന്നത് പാക് പ്രതിനിധികള്‍ അടക്കം പങ്കെടുത്ത വേദിയില്‍; മുമ്പു തകര്‍ന്നത് റഷ്യയുടെ വിമാനങ്ങള്‍

ദുബായ്/ ന്യൂഡല്‍ഹി: ആഗോള തലത്തിലുളള ആയുധ വ്യാപാരികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നു വീണതു വിമാനത്തിന്റെ വില്‍പനയെ ബാധിച്ചേക്കുമെന്നു റിപ്പോര്‍ട്ട്. ദുബായ് എയര്‍ഷോയ്ക്കിടെയാണു താണുപറന്ന വിമാനം നിലത്തേക്കു കൂപ്പുകുത്തിയത്. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും തത്കാലത്തേക്കെങ്കിലും ആയുധവില്‍പന കരാറില്‍ ഉള്‍പ്പെടുത്തി വിമാനത്തിന്റെ വില്‍പനയെ ബാധിക്കുമെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനമെന്ന നിലയില്‍ അഭിമാനമാകേണ്ട ഘട്ടത്തിലാണ് അപകടം. ഇന്ത്യയുടെ പരമ്പരാഗത എതിരാളികളായ പാകിസ്താന്റെയടക്കം ഉദ്യോഗസ്ഥര്‍ എയര്‍ഷോയില്‍ കാണികളായി പങ്കെടുത്തിരുന്നു. നാലു പതിറ്റാണ്ടുകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഇന്ത്യ തദ്ദേശീയമായ യുദ്ധവിമാന നിര്‍മാണത്തിലേക്കു കടന്നത്. അപകടത്തില്‍ വിംഗ് കമാന്‍ഡറും വീരമൃത്യു വരിച്ചു.
അപകടം നിര്‍ണായകമായ വേദിയിലായതാണ് വിമാനത്തിന്റെ ഭാവിയെ സംബന്ധിച്ചു പ്രതികൂലമാകുന്നതെന്നു അമേരിക്കയിലെ മിറ്റ്ചല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്‌പേസ് സ്റ്റഡീസിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡഗ്ലസ് എ. ബിര്‍ക്കി പറഞ്ഞു. ഇതിനു മുമ്പു നടന്ന വിമാന അപകടങ്ങള്‍ മറ്റു രാജ്യങ്ങളുടെ വിമാന വില്‍പനയെയും ബാധിച്ചിട്ടുണ്ട്. തേജസിന് ഇത് അവമതിപ്പുണ്ടാക്കാന്‍ ഇടയാക്കിയിട്ടുണ്ട്. വീണ്ടും വിശ്വാസ്യത നേടിയെടുക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാരീസ്, ബ്രിട്ടന്‍ എയര്‍ഷോകള്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ എയര്‍ഷോയാണ് ദുബായ് എയര്‍ഷോ. ഇത്തരം വേദികളില്‍ അപകടങ്ങള്‍ അപൂര്‍വമാണ്. ഇതിനുമുമ്പ് 1999ല്‍ റഷ്യന്‍ സുഖോയ് വിമാനമാണ് അപകടത്തില്‍പെട്ടത്. പാരീസ് എയര്‍ഷോയില്‍ എസ്.യു. 30 എന്ന വിമാനമാണ് ചാമ്പലായത്. ഇതിനു പത്തുവര്‍ഷത്തിനുശേഷം മിഗ് 29 വിമാനവും വീണു. ഇരു സംഭവങ്ങളിലും പൈലറ്റിന് വിജയകരമായി രക്ഷപ്പെടാന്‍ കഴിഞ്ഞിട്ടുണ്ട്.
1980 കളിലാണ് തേജസിനുവേണ്ടിയുള്ള പണികള്‍ ഇന്ത്യ ആരംഭിച്ചത്. സോവിയറ്റ് യൂണിയന്റെ (ഇന്നത്തെ റഷ്യ) മിഗ് 21 വിമാനങ്ങള്‍ക്കു പകരമെന്നോണമാണ് തേജസിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചത്. മിഗിന്റെ അവസാനത്തെ വിമാനവും കഴിഞ്ഞ സെപ്റ്റംബറില്‍ ഡീ കമ്മീഷന്‍ ചെയ്തു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സിന്റെ നേതൃത്വത്തിലാണ് തേജസ് വികസിപ്പിച്ചത്.
തത്കാലത്തേക്കെങ്കിലും തേജസിന്റെ കയറ്റുമതിയെ ദുബായ് എയര്‍ഷോയിലെ തകര്‍ച്ച ബാധിക്കുമെന്നു മുന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ എക്‌സിക്യുട്ടീവ് പറഞ്ഞു. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക, മലേഷ്യ എന്നിവിടങ്ങളിലേക്കു തേജസ് വില്‍പന നടത്താമെന്നായിരുന്നു കണക്കുകൂട്ടല്‍.
തത്കാലം ഇന്ത്യയുടെ ഉപയോഗത്തിനുവേണ്ടിയുള്ള വിമാന നിര്‍മാണത്തില്‍ കേന്ദ്രീകരിക്കണമെന്നും വരും വര്‍ഷങ്ങളില്‍ ജാഗ്വാര്‍, മിറാഷ്-2000 വിമാനങ്ങള്‍കൂടി ഡീ കമ്മീഷന്‍ ചെയ്യുന്നതോടെ വിമാനങ്ങളുടെ എണ്ണം 29-ലേക്കു ചുരുങ്ങുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇവയ്ക്കു പകരം തേജസ് ഉപയോഗിക്കാമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, ഇപ്പോഴും ആവശ്യത്തിനു നിര്‍മാണം നടക്കുന്നില്ല എന്നതു പ്രധാന പ്രശ്‌നമാണെന്നും എച്ച്എഎല്‍ എക്‌സിക്യുട്ടീവ് പറയുന്നു. ഏറെക്കാലമായി ലോകത്തെ ഏറ്റവും വലിയ ആയുധ ഇറക്കുമതിക്കാര്‍ ഇന്ത്യയാണ്. ഇതിനു ബദലെന്നോണമാണ് തേജസിനെ ഉയര്‍ത്തിക്കാട്ടിയിരുന്നത്.






