Breaking NewsIndiaKeralaLead NewsNEWSNewsthen SpecialSports

ഏഴാമന്‍ സെനുരാന്‍ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍; ഇന്ത്യന്‍ വംശജന്റെ വിജയഗാഥ; നാഗപട്ടണത്തുണ്ട് സെനുരാന്റെ ബന്ധുക്കള്‍; കൂട്ടുകാരുടെ പ്രിയപ്പെട്ട സണ്ണി

ഗുവാഹത്തി : തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ടിവിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരം കണ്ടുകൊണ്ടിരുന്ന ആ വീട്ടുകാര്‍ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ദിനത്തിലെ ബാറ്റിംഗ് അടിച്ചുകയറുമ്പോള്‍ ആര്‍പ്പുവിളിച്ചു, കയ്യടിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുപരത്തുന്നത് കാണുമ്പോള്‍ ഇവരെന്തിന് കയ്യടിക്കുന്നു, ആര്‍പ്പുവിളിക്കുന്നു എന്ന് തൊട്ടപ്പുറത്തെ വീട്ടുകാര്‍ സംശയിച്ചു. അതിനുള്ള ഉത്തരം അപ്പോള്‍ ബാറ്റിംഗ് ക്രീസില്‍ ആടിത്തിമര്‍ത്ത് പൂണ്ടുവിളയാടുകയായിരുന്നു – സെനുരാന്‍ മുത്തുസ്വാമി. അഥവാ ദക്ഷിണാഫ്രിക്കയുടെ എമ്പുരാന്‍. ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ തണ്ടെല്ലുറപ്പോടെ നിവര്‍ന്നുനില്‍ക്കാന്‍ കഴിയുന്ന സ്‌കോര്‍ സമ്മാനിച്ചാണ് ഇന്ത്യന്‍ വംശജനായ സെനുരാന്‍ മുത്തുസ്വാമി ക്രീസ് വിട്ടത്.

1994ല്‍ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഇന്ത്യന്‍ വംശജരായ മുത്തുസാമിയുടെയും വാണിയുടെയും മകനായാണ് സെനുരാന്‍ ജനിച്ചത്. തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് മുത്തുസാമിയുടെ മാതാപിതാക്കളുടെ ബന്ധുക്കള്‍ ഇപ്പോഴുമുണ്ട്. അവരുമായി ഇപ്പോഴും കുടുംബം അടുത്ത ബന്ധം പുലര്‍ത്തുന്നു. ടിവിയില്‍ തങ്ങളുടെ മുത്തുസ്വാമിയെന്ന മുത്തുഅണ്ണന്റെ മകന്‍ അടിച്ചു കളിക്കുന്നത് കാണുമ്പോള്‍ അവരെങ്ങിനെ ആര്‍പ്പുവിളിക്കാതിരിക്കും, എങ്ങിനെ കയ്യടിക്കാതിരിക്കും. ഇന്ത്യന്‍ വംശജനെങ്കിലും രണ്ടാം ദിനത്തില്‍ ഇന്ത്യയെ മൂലക്കിരുത്തിയതും ഈ ഇന്ത്യന്‍ വംശജന്‍ തന്നെ.

Signature-ad

ഗുവാഹത്തിയില്‍ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് സെനുരാന്‍ ക്രീസിലെത്തും വരെ കളിച്ചത്. എന്നാല്‍ കളിയുടെ ജാതകം മാറ്റിയെഴുതാനാണ് സെനുരാന്‍ പാഡും കെട്ടി ബാറ്റുമേന്തി ഡ്രസിംഗ് റൂമില്‍ നിന്നിറങ്ങി ഗ്രൗണ്ടിലേക്ക് വരുന്നതെന്ന് ഒരു ഇന്ത്യന്‍ താരവും കരുതിയില്ല. ഏഴാമനായി ഇറങ്ങുന്നവര്‍ അത്രമികച്ച കളിയൊന്നും കളിക്കാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലും ഇന്ത്യന്‍ ടീമിന് ഉണ്ടായിരുന്നിരിക്കണം. നല്ല ഓപ്പണിംഗ് കിട്ടിയിട്ടും ദക്ഷിണാഫ്രിക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 201 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് സെനുരാന്റെ വരവ്.
സെനുരാനെന്ന ഇടംകയ്യനെ പെട്ടന്ന് തന്നെ മടക്കിയയക്കാം എന്ന പ്രതീക്ഷയില്‍ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാരുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നതാണ് പിന്നെ കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരെ വളരെ ശ്രദ്ധയോടെയും ഒട്ടും പതറാതെയും നേരിട്ട സെനുരാന്‍ ബൗണ്ടറികള്‍ നേടാനും മോശം പന്തുകളെ അടിച്ചു പരത്താനും മറന്നില്ല. ആദ്യം കെയ്ല്‍ വെരിയെന്നെയ്‌ക്കൊപ്പവും പിന്നീട് മാര്‍ക്കോ യാന്‍സനൊപ്പവും സെനുരാന്‍ ഉറച്ചുനിന്നപ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സകല വജ്രായുധവും പുറത്തെടുത്തു.
വെറും 206 പന്തുകളില്‍ നിന്ന് 109 റണ്‍സ് നേടി സെഞ്ച്വറി തികച്ച് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കു മേല്‍ തീകോരിയിട്ട് സെനുരാന്‍ ഗ്രൗണ്ട് വിടുമ്പോള്‍ ഈ എമ്പുരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശക്തമായ അടിത്തറയിട്ടിരുന്നു. രണ്ടാം ടെസ്റ്റും സ്വന്തമാക്കാന്‍ പാകത്തിലുള്ള ശക്തമായ അടിത്തറ. തന്റെ ടീം അടിപതറി നില്‍ക്കുമ്പോള്‍ രക്ഷകനായി അവതരിക്കുകയെന്നത്് സെനുരാന്‍ കൃത്യമായി ചെയ്തു. ആവശ്യമായ സമയത്ത് സാഹചര്യം മനസിലാക്കി സെനുരാന്‍ അവസരത്തിനൊത്തുയര്‍ന്നു.

സെനുരാന്‍ ഇന്ത്യന്‍ വംശജനാണെന്ന് അറിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികളായ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞത് ആ പേരാണ്. സെനുരാന്‍ മുത്തുസ്വാമി.

ഡര്‍ബനിലെ ക്ലിഫ്റ്റണ്‍ കോളേജില്‍ നിന്ന് വിദ്യാഭ്യാസം നേടിയ സെനുരാന്‍ മുത്തുസാമി പിന്നീട് ക്വാസുലു-നടാല്‍ സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ സയന്‍സില്‍ ബിരുദം നേടി. ഡര്‍ബനില്‍ നിന്നാണ് മുത്തുസാമിയുടെ ക്രിക്കറ്റ് യാത്ര ആരംഭിച്ചത്, അവിടെ അദ്ദേഹം സ്‌കൂള്‍ മത്സരങ്ങളിലും പ്രാദേശിക ടൂര്‍ണമെന്റുകളിലും തിളങ്ങിയ മുത്തുസാമി അണ്ടര്‍-11 മുതല്‍ അണ്ടര്‍-19 ലെവല്‍ വരെ ക്വാസുലു-നടാലിനെ പ്രതിനിധീകരിച്ചു.
അന്നേ ഇന്ത്യന്‍ ക്രിക്കറ്റിലെ ചിലരെപ്പോലെ ബാറ്റു ചെയ്യാന്‍ സെനുരാന് സാധിച്ചു. സ്‌കൂള്‍ ക്രിക്കറ്റില്‍ പുറത്തെടുത്ത ബാറ്റിംഗ് മികവുകണ്ട് സുനില്‍ ഗവാസ്‌കറുടെ വിളിപ്പേരായ സണ്ണിയെന്നായിരുന്നു കൂട്ടുകാര്‍ സെനുരാനെ പലപ്പോഴും വിളിച്ചിരുന്നത്.
ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍-19 ടീമില്‍ ഇടം നേടിയ മുത്തുസാമി 2019 ലെ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. വിശാഖപട്ടണത്ത് വെച്ചായിരുന്നു മുത്തുസാമിയുടെ ടെസ്റ്റ് അരങ്ങേറ്റം. ആ മത്സരത്തില്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുറത്താക്കി ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി. എന്നാല്‍ പല കാരണങ്ങളും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ സ്ഥിരം ഇടം നേടുന്നതിന് സെനുരാന്‍ മുത്തുസാമിക്ക് തടസമായി.
കഴിഞ്ഞ മാസം നടന്ന പാകിസ്ഥനെതിരായ ടെസ്റ്റ് പരമ്പരയില്‍ മാന്‍ ഓഫ് ദി സീരീസായ സെനുരാന്‍ താന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ അവിഭാജ്യഘടകമായിരിക്കുമെന്ന് വിമര്‍ശകരെയും എതിരാളികളേയും കൊണ്ട് പറയിപ്പിച്ചിരുന്നു. ഇന്ത്യയ്‌ക്കെതിരെ നേടിയ സെഞ്ച്വറിയോടുകൂടിയ മിന്നുന്ന പ്രകടനം ദക്ഷിണാഫ്രിക്കയുടെ വരുംകാല ക്രിക്കറ്റ് ഇലവനില്‍ ഈ ഇന്ത്യന്‍വംശജന്റെ പേര് ഉറപ്പായി ഉണ്ടാകുമെന്ന് സംശയമില്ലാത്ത കാര്യമായി.
ബാറ്റു കൊണ്ടായാലും ബോളു കൊണ്ടായാലും ഗ്രൗണ്ടില്‍ സെനുരാന്‍ എമ്പുരാനാകുമെന്ന് തെളിഞ്ഞു കഴിഞ്ഞു. ഓള്‍റൗണ്ടര്‍ പദവിയിലേക്ക് സെനുരാന്‍ തന്റെ സിംഹാസനം വലിച്ചിട്ട് ഇരുന്നു കഴിഞ്ഞു.
നാഗപട്ടണത്തെ വീട്ടില്‍ നിന്നും ആരവങ്ങള്‍ അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. മുത്തുസ്വാമിയുടെ കുഴന്തൈ സെനുരാന്‍ അവര്‍ക്ക് കുടുംബത്തിലെ ഹീറോയാണ്. മുതിര്‍ന്നവര്‍ക്ക് വാത്സല്യമാണെങ്കില്‍ പുതിയ തലമുറയ്ക്ക് ആരാധനയാണ്.

 

Back to top button
error: