Breaking NewsLead NewsSportsTRENDING

പരിക്കിനുശേഷം പ്രീതി സിന്റയ്‌ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത് ശ്രേയസ് അയ്യര്‍; ഒന്നിച്ചുള്ള ചിത്രങ്ങള്‍ വൈറല്‍; ആരാധകര്‍ വളഞ്ഞതോടെ സുരക്ഷാ ജീവനക്കാരോട് കയര്‍ത്ത് താരം

മുംബൈ: ഏകദിന മത്സരത്തിനിടെ പരുക്കേറ്റ് ഓസ്‌ട്രേലിയയില്‍ ചികിത്സയിലായിരുന്ന ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ വീണ്ടും പൊതുയിടത്ത് പ്രത്യക്ഷപ്പെട്ടു. ഈ മാസം 16നാണ് ശ്രേയസ് നാട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം. കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ഹോട്ടലില്‍ എത്തിയപ്പോഴാണ് ശ്രേയസ് അയ്യരെ ക്യാമറക്കണ്ണുകള്‍ വളഞ്ഞത്. ഐപിഎലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, സഹതാരമായ ശശാങ്ക് സിങ്ങിന്റെ ജന്മദിനാഘോഷ പാര്‍ട്ടിക്കാണ് എത്തിയത്. പഞ്ചാബ് കിങ്‌സ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ഒപ്പമുണ്ടായിരുന്നു. ശ്രേയസും പ്രീതിയും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ആഘോഷപാര്‍ട്ടിക്കു ശേഷം കൂടിക്കാഴ്ചയെക്കുറിച്ച് പ്രീതി സിന്റ എക്‌സില്‍ കുറിക്കുകയും ചെയ്തു. ”ചിലപ്പോള്‍ ഒട്ടും പ്ലാന്‍ ചെയ്യാത്തതും അപ്രതീക്ഷിതവുമായ വൈകുന്നേരങ്ങളാണ് ഏറ്റവും മികച്ചത്. ശശാങ്ക്, ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍. നിന്നെ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. ശ്രേയസ് സുഖം പ്രാപിച്ച് പുറത്തുവന്നതില്‍ (ഒരിക്കലെങ്കിലും) വളരെ സന്തോഷമുണ്ട്.” പ്രീതി സിന്റെ എക്‌സില്‍ കുറിച്ചു.

Signature-ad

അതേസമയം, ഹോട്ടലിലെത്തിയ ശ്രേയസ് അയ്യരെ സെല്‍ഫിക്കായി ആരാധകര്‍ വളഞ്ഞപ്പോള്‍ താരം സുരക്ഷാ ജീവനക്കാരനോട് കയര്‍ക്കുന്നതിന്റെ വിഡിയോയും പുറത്തവന്നു. ആളുകള്‍ ഫോട്ടോയെടുക്കാന്‍ ചുറ്റും കൂടുന്നതിനിടെ ഒരു സുരക്ഷാ ജീവനക്കാരന്‍ തന്നെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശ്രേയസ് പ്രകോപിതനായത്. ”സഹോദരാ, ആള്‍ക്കൂട്ടത്തെ ഒഴിവാക്കുക എന്നതാണ് നിങ്ങളുടെ ജോലി” എന്ന് ശ്രേയസ് രോഷത്തോടെ പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. ഈ സമയം ശശാങ്ക് സിങ്ങും ശ്രേയസിനൊപ്പമുണ്ട്.

ഒക്ടോബര്‍ 25നു നടന്ന ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്കു പരുക്കേറ്റത്. ഹര്‍ഷിത് റാണയുടെ പന്തില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ അലക്‌സ് ക്യാരിയുടെ ക്യാച്ച് എടുക്കുന്നതിനിടെ ശ്രേയസ് ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. പിന്നാലെ ഡ്രസിങ് റൂമിലേക്കു മടങ്ങിയ ശ്രേയസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കാനിങ്ങില്‍ ശ്രേയസിന്റെ പ്ലീഹയില്‍ (സ്പ്ലീന്‍) മുറിവുള്ളതായി കണ്ടെത്തി. ആന്തരിക രക്തസ്രാവമുണ്ടായതോടെ താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്താതെ തന്നെയാണ് രക്തസ്രാവം നിയന്ത്രിച്ചതെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. പരുക്ക് ഭേദമായെങ്കിലും ശ്രേയസ് ഉടന്‍ തന്നെ ടീമിലേക്ക് മടങ്ങിയെത്തില്ലെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ പരമ്പരകള്‍ താരത്തിനു നഷ്ടമാകും. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎലിലൂടെയാണ് ശ്രേയസിന്റെ തിരിച്ചുവരവ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: