Breaking NewsCrimeIndiaLead NewsNEWSNewsthen Special

ചെങ്കോട്ട സ്‌ഫോടനം: ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങി; സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഫ്രീസര്‍; ബോബുകള്‍ നിര്‍മിക്കാന്‍ പ്രത്യേക ശൃംഖല; ബോംബ് നിര്‍മാണത്തിനുള്ള ക്ലാസുകള്‍ കിട്ടിയത് തുര്‍ക്കിയില്‍നിന്നെന്നും അന്വേഷണ സംഘം

ലക്‌നൗ: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ റഷ്യന്‍ ആയുധം വാങ്ങിയെന്നും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാനായി ഫ്രീസര്‍ വാങ്ങിയെന്നും റിപ്പോര്‍ട്ട്. അറസ്റ്റിലായ ഡോ. മുസമ്മില്‍, ഡോ. ഷഹീന്‍, ഡോ. അദീല്‍, അമീര്‍ എന്നിവരുമായി ബന്ധപ്പെട്ട് ആയുധങ്ങള്‍ ശേഖരിക്കുന്നതിനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതിനുമുള്ള സങ്കീര്‍ണ്ണമായ ഒരു ശൃംഖലയുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തില്‍ വെളിപ്പെട്ടത്. ഡോ. ഷഹീനുമായി ബന്ധമുള്ള ഒരാള്‍ വഴി മുസമ്മില്‍ 5 ലക്ഷം രൂപയ്ക്ക് ഒരു റഷ്യന്‍ അസോള്‍ട്ട് റൈഫിള്‍ വാങ്ങിയിരുന്നു. പിന്നീട് ഡോ. അദീലിന്റെ ലോക്കറില്‍നിന്ന് ഈ ആയുധം കണ്ടെടുത്തിരുന്നു.

മറ്റൊരു റഷ്യന്‍ നിര്‍മിത റൈഫിളായ എകെ ക്രിങ്കോവ്, ഒരു ചൈനീസ് സ്റ്റാര്‍ പിസ്റ്റള്‍, ഒരു ബെറെറ്റ പിസ്റ്റള്‍, ഏകദേശം 2,900 കിലോ സ്‌ഫോടകവസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ നേരത്തേ ഫരീദാബാദില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഉമറിന്റെ ആവശ്യപ്രകാരം ലക്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിച്ച ഡോ. ഷഹീന്‍ ആണ് റഷ്യന്‍ അസോള്‍ട്ട് റൈഫിളുകളും ഡീപ് ഫ്രീസറും ക്രമീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Signature-ad

സംശയം ഒഴിവാക്കാന്‍ വിതരണക്കാരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ഇതു ചെയ്തത്. ഇടപാടുകള്‍ നടത്തിയത് മുസമ്മിലാണ്. അന്വേഷണ ഏജന്‍സികള്‍ വിതരണക്കാരെയും നിരീക്ഷിച്ചുവരികയാണ്. മൊത്തം 26 ലക്ഷം രൂപയാണ് പ്രതികള്‍ സമാഹരിച്ചത്, ഇതില്‍ ഭൂരിഭാഗവും ഷഹീന്‍ വഴിയാണ് ലഭിച്ചത്.

ശക്തമായ ഐഇഡികള്‍ നിര്‍മിക്കാന്‍ അത്യാവശ്യമായ അസംസ്‌കൃത രാസവസ്തുക്കള്‍ സൂക്ഷിക്കാനാണ് ഫ്രീസര്‍ ഉപയോഗിച്ചതെന്നാണ് ആരോപണം. രാസസംയുക്തങ്ങള്‍ തിരിച്ചറിയുന്നതിനായി കണ്ടെടുത്ത സാംപിളുകള്‍ ഫൊറന്‍സിക് സംഘങ്ങള്‍ പരിശോധിച്ചുവരികയാണ്. റൈഫിളും ഫ്രീസറും ക്രമീകരിക്കാന്‍ സഹായിക്കുക മാത്രമല്ല, ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങുന്നതിനായി പണം സമാഹരിക്കാന്‍ ഷഹീന്‍ സ്വന്തം ശൃംഖല ഉപയോഗിക്കുകയും ചെയ്തതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.

ജയ്‌ഷെ കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫാറൂഖിന്റെ ഭാര്യ അഫിറ ബിബി വഴിയാകാം ഈ ബന്ധങ്ങളെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജയ്ഷ് തലവന്‍ മസൂദ് അസ്ഹറിന്റെ മരുമകനായ ഉമര്‍ ഫാറൂഖ്, 2019ലെ പുല്‍വാമ ആക്രമണത്തിന് ശേഷം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. പുല്‍വാമ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ബോംബ് നിര്‍മാണ ട്യൂട്ടോറിയലുകള്‍, മാന്വലുകള്‍, ഓപ്പണ്‍ സോഴ്‌സ് ഉള്ളടക്കങ്ങള്‍ എന്നിവയെക്കുറിച്ച് ഉമര്‍ ഓണ്‍ലൈന്‍ വഴി വിപുലമായി പഠിച്ചതായും തുര്‍ക്കിയിലെ ഹാന്‍ഡ്ലര്‍മാരില്‍നിന്നു നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വെളിപ്പെട്ടു. നൂഹില്‍നിന്ന് രാസവസ്തുക്കളും ഡല്‍ഹിയിലെ ഭഗീരഥ് പാലസില്‍നിന്നും ഫരീദാബാദിലെ എന്‍ഐടി മാര്‍ക്കറ്റില്‍നിന്നും ഇലക്ട്രോണിക് ഘടകങ്ങളും ഇയാള്‍ ശേഖരിച്ചതായും സ്‌ഫോടകവസ്തു മിശ്രിതം സംസ്‌കരിക്കാനും മറ്റും ഇയാള്‍ ഫ്രീസര്‍ ഉപയോഗിച്ചതായുമാണ് ആരോപണം.

അല്‍ ഫലാ യൂണിവേഴ്‌സിറ്റി പരിസരത്ത് വച്ച് പണത്തെച്ചൊല്ലി പ്രതികള്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നു. ഇത് നിരവധി വിദ്യാര്‍ഥികള്‍ കണ്ടിട്ടുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ ഏറ്റുമുട്ടലിനുശേഷം, സ്‌ഫോടകവസ്തുക്കള്‍ നിറച്ച തന്റെ ചുവന്ന ഇക്കോസ്‌പോര്‍ട്ട് ഉമര്‍ മുസമ്മിലിനു കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Back to top button
error: