വിമതവധം കഥകളിയല്ല സിപിഎമ്മിന്റെ കളിയാണ്; വിമതനായി മത്സരിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ മാത്രം കളിക്കിറങ്ങുക; മരിക്കാന്‍ തയ്യാറാണെങ്കില്‍ മാത്രം മത്സരിക്കുക: കൊലക്കത്തികള്‍ റെഡിയാണ്

പാലക്കാട് : ബാലിവധം കഥകളി പോലൊരു കഥകളിയല്ല വിമതവധം – അത് സിപിഎമ്മിന്റെ ഒരു കളിയാണ്. നല്ല ഒന്നാന്തം ചവിട്ടുനാടകം. കൊന്ന് കീറി മണ്ണിനടിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നല്ല ഒന്നാന്തരം ചവിട്ടുനാടകം.
തെരഞ്ഞെടുപ്പില്‍ വിമതനായി മത്സരിക്കാന്‍ ഇറങ്ങും മുന്‍പ് ഓര്‍ക്കുക, ജീവനില്‍ വലിയ കൊതിയൊന്നുമില്ലെങ്കില്‍ മാത്രം വിമതപ്പോരിനിറങ്ങുക. കാരണം വിമതരെ വകവരുത്താന്‍ കൊലക്കത്തികള്‍ റെഡിയാണ്.
പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നവരെ സ്വധീനിച്ച് മത്സരരംഗത്തു നിന്ന് മാറ്റുന്നതൊക്കെ പഴങ്കഥ. ഔട്ട് ഡേറ്റഡ്. ഇപ്പോള്‍ ഒറ്റ ഡയലോഗേ അത്തരം വിമതന്‍മാരോടും സ്വതന്ത്രന്‍മാരോടും സിപിഎം പറയുന്നുള്ളു – കാച്ചിക്കളയും…ഒരു കുഞ്ഞുപോലുമറിയാതെ നീയൊക്കെ ഇറച്ചിയില്‍ മണ്ണുപറ്റിക്കിടക്കും…..
ഏറ്റവുമൊടുവില്‍ അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് നേരെ സിപിഎം നേതാവിന്റെ വധഭീഷണി വന്നിരിക്കുന്നു. പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലുമെന്നാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ ഭീഷണി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിച്ചില്ലെങ്കല്‍ തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കുമ്പോള്‍ ജീവനില്‍ അല്‍പം കൊതിയും പേടിയുമുള്ളവര്‍ ഇടംവലം നോക്കാതെ പത്രിക പിന്‍വലിക്കും. കാരണം ഭീഷണിപ്പെടുത്തുന്നത് സിപിഎം ആണെന്നതുകൊണ്ടുതന്നെ.
ടി.പി.ചന്ദ്രശേഖരനേറ്റ വെട്ടുകള്‍ ആരും മറന്നിട്ടില്ലല്ലോ.
പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍ .രാമകൃഷ്ണനെയാണ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം അഗളി ലോക്കല്‍ സെക്രട്ടറി എന്‍ ജംഷീര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാല്‍ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. മത്സരിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണന്‍ പറയുന്നത്.
അപ്പോള്‍ രാമകൃഷ്ണാ, ഞങ്ങള്‍ക്ക് നിന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.
നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളുവെന്നും പത്രിക പിന്‍വലിക്കില്ലെന്നും എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണന്‍ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറയുന്നത്.
അതേസമയം, പത്രിക പിന്‍വലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയില്‍ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി.ആര്‍. രാമകൃഷ്ണന്‍ ധൈര്യത്തോടെ പറയുന്നു. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണന്‍ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മകള്‍ ചൂണ്ടികാണിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണന്‍ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതേസമയം, അവര്‍ ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തില്‍ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ.പരമേശ്വരന്റെ ന്യായീകരണം.

പാലക്കാട് നിന്ന് കണ്ണൂരിലേക്കെത്തിയാല്‍ അവിടെയും ഇത്തരത്തിലുള്ള ഭീഷണിമുഴക്കലും ഇടപെടലും ഉണ്ടായിട്ടില്ലേ എന്ന് സംശയം തോന്നാം.
കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്ത ഒമ്പതു വാര്‍ഡുകളുണ്ട് ഇത്തവണ. കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എതിരാൡയില്ലാത്ത 18 വാര്‍ഡുകളുണ്ടായിരുന്നു. അതിന്റെ നേര്‍പകുതിയിലേക്ക് ഇത്തവണ വീണെങ്കിലും ജനസമ്മതികൊണ്ടോ അതോ എതിരാളിക്ക് ജീവനിലുള്ള കൊതികൊണ്ടോ ഏതുകാരണത്താലാണ് സിപിഎമ്മിന് എതിര്‍സ്ഥാനാര്‍ഥികളില്ലാത്തത് എന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
പലയിടത്തും തങ്ങള്‍ക്കെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരിക്കാന്‍ പരസ്യമായും രഹസ്യമായും സിപിഎമ്മുകാര്‍ എതിരാളികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് ആരോപണമുയരുന്നത്. നാമനിര്‍ദ്ദേശപത്രിക കൊടുക്കാന്‍ പോലും എതിര്‍സ്ഥാനാര്‍ത്ഥികള്‍ ഭയപ്പെടുന്ന സ്ഥിതി സിപിഎം ഗ്രാമങ്ങളിലുണ്ട്. മുന്‍പ് ഇത്തരം ഭീഷണി സിപിഎമ്മിന് സ്വാധീനമുള്ള കണ്ണൂര്‍ ബെല്‍റ്റില്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോഴത് കേരളമാകെ വ്യാപിച്ചിരിക്കുന്നു, വ്യാപിപ്പിച്ചിരിക്കുന്നു.
എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന സിപിഎം സ്ഥാനാര്‍ത്ഥികളുടെ എണ്ണം കൂടുന്നത് മത്സരിക്കാന്‍ എതിരാളികള്‍ക്ക് താത്പര്യമില്ലാത്തതുകൊണ്ടല്ല മറിച്ച് മത്സരിക്കാന്‍ സിപിഎം അനുവദിക്കാത്തതുകൊണ്ടാണെന്ന് പറയുന്ന എതിര്‍പാര്‍ട്ടിക്കാര്‍ക്ക് പക്ഷേ എല്ലാം തുറന്നുപറയാന്‍ പേടിയാണ്.
കാരണം ജീവനേക്കാള്‍ വലുതല്ല വോട്ടും തദ്ദേശഭരണ സ്ഥാപനത്തിലെ അഞ്ചുവര്‍ഷ പദവിയും.






