SportsTRENDING

കൊച്ചിയിലെ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം  ചെങ്ങമനാട്;ബിസിസിഐ അനുമതി ലഭിച്ചു;1500 കോടിയുടെ പദ്ധതി

കൊച്ചി:കൊച്ചിയില്‍ പുതിയതായി വരുന്ന ക്രിക്കറ്റ് സ്റ്റേഡിയം ചെങ്ങമനാട് ആയിരിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് അറിയിച്ചു.

രാജ്യാന്തര സ്റ്റേഡിയം ഉള്‍പ്പെടെ മള്‍ട്ടി സ്‌പോര്‍ട്‌സ് സിറ്റി നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദമായ രൂപരേഖയാണ് മുഖ്യമന്ത്രി പിണറായി വിജയന് കെസിഎ കൈമാറിയത്. ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന 1500 കോടി രൂപയുടേതാണ് പദ്ധതി. ‘കൊച്ചി സ്‌പോര്‍ട്‌സ് സിറ്റി’ എന്ന പേരിലാണ് പദ്ധതി രൂപരേഖ കെസിഎ സര്‍ക്കാരിന് സമര്‍പ്പിച്ചത്.

Signature-ad

പുതിയ സ്‌പോര്‍ട്‌സ് സിറ്റിക്കായി സ്ഥലം കണ്ടെത്തിയ ചെങ്ങമനാട് നെടുമ്ബാശേരി വിമാനത്താവളത്തിന് അടുത്താണ്. ഇവിടെ 40 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടുന്ന, ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്‌പോര്‍ട്‌സ് സിറ്റിയാണ് കെസിഎ വിഭാവനം ചെയ്യുന്നത്.

40,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് രൂപരേഖയിലുള്ളത്. ഇൻഡോർ, ഔട്ഡോർ പരിശീലന സൗകര്യം, പരിശീലനത്തിന് പ്രത്യേക ഗ്രൗണ്ട്, സ്പോർട്സ അക്കാദമി, റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്, സ്പോർട്സ് മെഡിസിൻ ആൻഡ് ഫിറ്റ്നസ് സെന്റർ, ഇ–സ്പോർട്സ് അരീന, എന്റർടെയ്ൻമെന്റ് സോൺ, ക്ലബ് ഹൗസ് തുടങ്ങിയവയാണ് സ്പോർട്സ് സിറ്റിയിലുണ്ടാകുക.

നിലവിൽ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത്. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമായതിനാൽ പാട്ടത്തിനെടുത്താണ് കെസിഎ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നേരത്തെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതു പൂർണമായും ഫുട്ബോൾ സ്റ്റേഡിയമാണ്. ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കലൂർ സ്റ്റേഡിയം.

Back to top button
error: