NEWSWorld

പിതാവിന് ഹൃദയാഘാതം; വീട്ടില്‍ തനിച്ചായ 2 വയസുകാരന്‍ വിശന്ന് മരിച്ചു

ലണ്ടന്‍: പിതാവ് മരിച്ചതിനെത്തുടര്‍ന്ന് വീട്ടില്‍ തനിച്ചായ രണ്ടുവയസുകാരന്‍ വിശന്നുമരിച്ചു. യുകെയിലെ ലിങ്കണ്‍ഷയറിയിലാണ് ദാരുണസംഭവം നടന്നത്. 60 വയസുകാരനായ കെന്നത്തിനെയും 2 വയസുമാത്രമുളള മകന്‍ ബ്രോണ്‍സണെയുമാണ് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരുവരും താമസിച്ചിരുന്ന ലിങ്കണ്‍ഷയര്‍ സ്‌കെഗ്‌നെസിലെ പ്രിന്‍സ് ആല്‍ഫ്രഡ് അവന്യൂവിലെ ബേസ്‌മെന്റ് ഫ്ലാറ്റില്‍ നിന്ന് പിതാവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തു. ജനുവരി 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Signature-ad

പിതാവിന്റെ മൃതദേഹത്തിനരികെ നിന്നാണ് കുഞ്ഞിന്റെ ശരീരവും പൊലീസ് കണ്ടെടുത്തത്. ഹൃദയാഘാതത്തെ തുടര്‍ന്ന് പിതാവ് മരണപ്പെട്ടപ്പോള്‍ പരിചരിക്കാന്‍ ആളില്ലാതെ തനിച്ചായ കുഞ്ഞ് വിശന്നാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരണം സംഭവിച്ച് 14 ദിസവങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പൊലീസ് കണ്ടെടുത്തത്.കുഞ്ഞ് മരിച്ചത് നിര്‍ജ്ജലീകരണവും വിശപ്പും മൂലമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കുഞ്ഞിന്റെ മാതാവ് സാറ പിതാവ് കെന്നത്തുമായി പിരിഞ്ഞതിനാല്‍ കുഞ്ഞും കെന്നത്തും മാത്രമായിരുന്നു വീട്ടില്‍ താമസമാക്കിയിരുന്നത്. അതേസമയം കുഞ്ഞിന്റെ മരണത്തിന് പിന്നില്‍ പൊലീസിന്റെ അനാസ്ഥയാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

ഇടക്കിടയ്ക്ക് വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന സോഷ്യല്‍ സര്‍വീസ് വര്‍ക്കര്‍ അസ്വാഭാവികമായി വീട് അടഞ്ഞുകിടക്കുന്നതിനെത്തുടര്‍ന്ന് പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വീട്ടിലുളളവര്‍ പ്രതികരിക്കുന്നില്ലെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് തവണയാണ് സോഷ്യല്‍ സര്‍വീസ് വര്‍ക്കര്‍ പൊലീസിനെ സമീപിച്ചത്.

എന്നാല്‍, രണ്ടാമത്തെ പരാതി നല്‍കി ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് സ്ഥലം പരിശോധിച്ചത്. ആദ്യ വിവരം ലഭിച്ചപ്പോള്‍ തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.

 

Back to top button
error: