എന്‍ഡിഎയും വിജയുടെ ടിവികെയും തമ്മിലുള്ള ചര്‍ച്ച പൊളിഞ്ഞു; കാരണം രജനി! വാവിട്ട വാക്കില്‍ തമിഴ് രാഷ്ട്രീയ- സിനിമാ ലോകത്ത് വന്‍ കോളിളക്കം

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും നടന് വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ)യും തമ്മില്‍ സഖ്യമുണ്ടാക്കന്നുവെന്ന ചര്‍ച്ചകള്‍ക്കു വിരാമം. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെതിരെയുള്ള ടിവികെ നേതാവിന്റെ പരാമര്‍ശം വിവാദത്തിലായതിന് പിന്നാലെ സഖ്യ ചര്‍ച്ചകള്‍ പൊളിഞ്ഞെന്നു റിപ്പോര്‍ട്ട്. പരാമര്‍ശത്തില്‍ ടിവികെ ഭാരവാഹികളെ പരസ്യമായി വിമര്‍ശിച്ച് എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി ടിവികെയും ബിജെപിയും തമ്മിലുള്ള സഖ്യചര്‍ച്ചകളെ കുറിച്ചുള്ള വാര്‍ത്തകള്‍ തമിഴ് രാഷ്ട്രീയ ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരെ ഐക്യമുന്നണി രൂപീകരിക്കുന്നതിനായി എന്‍ഡിഎ 80 സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്ത് ടിവികെയെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. വിജയ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടതായും ഉപമുഖ്യമന്ത്രി സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ടിവികെ നേതാക്കള്‍ റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയായിരുന്നു.
ഇതിനിടെയാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുനന്റെ വിവാദ പരാമര്‍ശം ഉണ്ടാകുന്നത്. ഡിഎംകെ കുടുംബത്തില്‍ നിന്നുള്ള ഭീഷണി മൂലമാണ് രജനീകാന്ത് രാഷ്ട്രീയത്തില്‍നിന്ന് പിന്മാറിയതെന്നാണ് ആദവ് അര്‍ജുന പറഞ്ഞത്. താന്‍ രജനീകാന്തിനെ വിമര്‍ശിക്കുകയല്ലെന്നും എന്നാല്‍ ഇത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ധൈര്യം വിജയ്യിക്കുണ്ടെന്നും അര്‍ജുന പറഞ്ഞു. പരാമര്‍ശം തമിഴ് സിനിമാ രാഷ്ട്രീയ ലോകത്ത് വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്.
പരാമര്‍ശത്തെ വിമര്‍ശിച്ച് എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയെത്തി. ‘രജനീകാന്ത് രാഷ്ട്രീയത്തിനപ്പുറം ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കളങ്കം വരുത്തുന്ന രീതിയില്‍ സംസാരിക്കുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് ഒരു വ്യക്തിയുടെ അവകാശമാണ്, അങ്ങനെ ചെയ്യാതിരിക്കുന്നതും അങ്ങനെ തന്നെ. അദ്ദേഹം തന്റെ കാരണങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്, അവയെ ബഹുമാനിക്കണം’ പളനിസ്വാമി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ രാഷ്ട്രീയ മര്യാദയുടെ ലംഘനമാണെന്ന് വിമര്‍ശിച്ച് അണ്ണാമലൈയും രംഗത്തെത്തി.
പിന്നാലെ മറുപടിയുമായി രജനീകാന്തുമെത്തി. ‘സമയം സംസാരിക്കില്ല, പക്ഷേ അത് മറുപടി നല്‍കുക തന്നെ ചെയ്യും’ എന്നാണ് രജനീകാന്ത് പറഞ്ഞത്. ‘എനിക്കെതിരെയുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ അപലപിക്കുകയും എനിക്ക് പിന്തുണയുമായി ശബ്ദമുയര്‍ത്തുകയും ചെയ്ത തമിഴ്നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി, തമിഴ്നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്, കേന്ദ്രമന്ത്രി എല്‍. മുരുകന്, തമിഴ്നാട് മന്ത്രി രഘുപതി, തോള് തിരുമാവളവന്, എസ്.പി. വേലുമണി, എന്റെ സുഹൃത്ത് അണ്ണാമലൈ, അര്‍ജുനമൂര്‍ത്തി, അന്‍ബുമണി രാമദോസ്, ജി.കെ. വാസന്, ജോണ്‍ പാണ്ഡ്യന്, പുകഴേന്തി തുടങ്ങി വിവിധ നേതാക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു’ എന്നും രജനീകാന്ത് എക്സില്‍ കുറിച്ചു.
TamilNaduPolitics, #ActorVijay, #TVK, #Rajinikanth, #Annamalai, #EPS, #BJP, #NDA, #DMK, #TamilNaduElection2026, #VijayPolitics, #ThalapathyVijay, #SuperstarRajinikanth, #PoliticalAlliance, #MalayalamNews, #KeralaNews, #DailyhuntMalayalam, #BreakingNews, #RegionalPolitics, #AadhavArjuna, #EdappadiPalaniswami, #NainarNagendran, #TamilCinemaPolitics, #ElectionUpdates, #SouthIndianPolitics






