പുസ്തകങ്ങള്‍ എഴുതിക്കൂട്ടിയ തത്വചിന്തകനില്‍ നിന്ന് സായുധ പോരാളിയിലേക്ക്; ആണവ പദ്ധതിയുടെ തലതൊട്ടപ്പന്; ചര്‍ച്ചകളിലെ കടുംപിടിത്തക്കാരന്; റെവല്യൂഷനറി ഗാര്‍ഡിന്റെ എല്ലാമെല്ലാം; ഖമേനിയുടെ മരണത്തേക്കാള്‍ ഇറാന്റെ യഥാര്‍ഥ തകര്‍ച്ച തുടങ്ങുക ലാറിജാനി വധത്തോടെ

ടെഹ്റാന്: യുഎസും ഇസ്രായേലും ഇറാനില്‍ ആക്രമണം തുടങ്ങിയതിനു പിന്നാലെ മാര്‍ച്ച് ഒന്നിനു നടന്ന അഭിമുഖത്തില്‍ ഇസ്ലാമിക റിപ്പബ്ലിക്കിന്റെ നേതാക്കള്‍ ചര്‍ച്ചയ്ക്ക് ആഗ്രഹിക്കുന്നു എന്ന് അവകാശപ്പെട്ടു ട്രംപ് രംഗത്തുവന്നു. ‘സംസാരിക്കാമെന്ന് ഞാന്‍ സമ്മതിച്ചിട്ടുണ്ട്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മിനുട്ടുകള്‍ക്കുള്ളില്‍ ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാറിജാനിയില്‍നിന്ന് വേഗത്തില്‍ മറുപടി ലഭിച്ചു. ‘ഞങ്ങള്‍ അമേരിക്കക്കാരുമായി ചര്‍ച്ച നടത്തില്ല’.
പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തെ പരാമര്‍ശിച്ച്, ‘നിങ്ങള്‍ ഇറാനിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ തീ കൊളുത്തിയിരിക്കുന്നു,’ എന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. ‘ഞങ്ങള്‍ ശത്രുക്കളുടെ ഹൃദയം ചുട്ടെരിക്കും’.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുഎസും ഇസ്രായേലും ഇറാനെ തകര്‍ത്തു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ട്രംപ് ഇറാനികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് സംഭവിച്ചില്ല. പേര്‍ഷ്യന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും ഇസ്രായേലിനും നേരെ മിസൈലുകള്‍ തൊടുത്തുവിട്ടുകൊണ്ട് ഇറാന് തിരിച്ചടിച്ചു. മാര്‍ച്ച് 6-ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഇറാന് ഇപ്പോള്‍ ഉടന്‍ ഒരു വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് ട്രംപ് ‘നിരുപാധികമായ കീഴടങ്ങല്‍’ ആവശ്യപ്പെട്ടു.
അപ്പോഴെല്ലാം ഉരുളയ്ക്കുപ്പേരിപോലെ ലാറിജാനിയുടെ പ്രതികരണങ്ങള്‍ വന്നു. ഇസ്രയേലിന്റെ അവകാശ വാദം ശരിയാണെങ്കില്‍ ഇറാന്റെ തകര്‍ച്ച തുടങ്ങുന്നത് ലാറിജാനിയുടെ വധത്തോടെയായിരിക്കും. ഖമേനിയുടെയും ഐആര്‍ജിസിയുടെയും ‘തല’ ലാറിജാനിയെന്ന വെള്ളത്താടിക്കാരനായിരുന്നു.
പ്രാദേശിക പ്രത്യാഘാതങ്ങളോടെ യുദ്ധം വികസിക്കുമ്പോള്‍, ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ധിക്കാരപരമായ മുഖമായും ശബ്ദമായും ലാറിജാനി ഉയര്‍ന്നു വന്നു. യുദ്ധകാലത്ത് പ്രത്യേകിച്ചും ഭരണകൂടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് അദ്ദേഹം നയിച്ച സെക്യൂരിറ്റി കൗണ്‍സില്‍. പരിഷ്കരിച്ച ഭരണഘടന പ്രകാരം 1989-ല്‍ സ്ഥാപിതമായ കൗണ്‍സിലിന്റെ പ്രധാന ഉത്തരവാദിത്തം പ്രതിരോധ, ദേശീയ സുരക്ഷാ നയങ്ങള്‍ നിര്‍വചിക്കുക എന്നതാണ്. സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി എന്നത് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് ഏതാണ്ട് തുല്യമാണ്.

വിപ്ലവത്തിന് മുമ്പുള്ള ഇറാന്റെ പ്രക്ഷുബ്ധമായ വര്‍ഷങ്ങളിലാണ് ലാറിജാനി വളര്‍ന്നത്. അദ്ദേഹത്തിന്റെ പിതാവ് ഗ്രാന്‍ഡ് അയത്തുള്ള ഹാഷെം അമോലി എന്ന പ്രശസ്ത ഷിയ പുരോഹിതന്, ഷായുടെ കീഴിലുള്ള പീഡനം ഒഴിവാക്കാന്‍ 1930-കളില്‍ ഇറാഖിലേക്ക് പലായനം ചെയ്തിരുന്നു. അലി ലാറിജാനി 1958-ല്‍ ഇമാം അലിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന മധ്യ ഇറാഖി നഗരമായ നജാഫിലാണ് ജനിച്ചത്. കുടുംബം പിന്നീട് 1960-ല്‍ ഇറാനിലേക്ക് മടങ്ങി.
അലി ലാറിജാനി കോമിലെ ഒരു മതവിദ്യാലയത്തില്‍ പഠിക്കുകയും തെഹ്റാനിലെ ആര്യമേര്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം നേടുകയും ചെയ്തു. തന്റെ മാസ്റ്റേഴ്സിനും പിഎച്ച്ഡിക്കുമായി അദ്ദേഹം പാശ്ചാത്യ തത്ത്വചിന്തയിലേക്ക് മാറി. തെഹ്റാന് സര്‍വകലാശാലയുടെ വെബ്സൈറ്റിലെ ലാറിജാനിയുടെ പ്രൊഫൈല്‍ പ്രകാരം, അദ്ദേഹം ഇമ്മാനുവല്‍ കാന്റിനെക്കുറിച്ച് മൂന്ന് പുസ്തകങ്ങള്‍ (എല്ലാം പേര്‍ഷ്യന്‍ ഭാഷയില്‍) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദ മാത്തമാറ്റിക്കല്‍ മെത്തേഡ് ഇന്‍ കാന്റ്സ് ഫിലോസഫി, മെറ്റാഫിസിക്സ് ആന്‍ഡ് ദ എക്സാക്റ്റ് സയന്‍സസ് ഇന്‍ കാന്റ്സ് ഫിലോസഫി, കൂടാതെ ഇന്റ്യൂഷന്‍ ആന്‍ഡ് സിന്തറ്റിക് എ പ്രിയോറി ജഡ്ജ്മെന്റ്സ് ഇന്‍ കാന്റ്സ് ഫിലോസഫി. ദെക്കാര്‍ത്തിന്റെ ഡിസ്കോഴ്സ് ഓണ്‍ ദ മെത്തേഡ്-നെ കുറിച്ചും അദ്ദേഹം ഒരു പുസ്തകം എഴുതി. ഭാഷാ തത്ത്വചിന്തകനും മോഡല്‍ ലോജിക് വിദഗ്ധനുമായ അമേരിക്കന്‍ ദാര്ശനികന് സോള്‍ ക്രിപ്കെയെക്കുറിച്ചും അനലിറ്റിക്കല്‍ മെറ്റാഫിസിഷ്യനായ ഡേവിഡ് ലൂയിസിനെക്കുറിച്ചും അദ്ദേഹം കൂടുതലായി എഴുതിയിട്ടുണ്ട്.
വരേണ്യവര്‍ഗത്തിലെ ഒരംഗം
എന്നാല്‍, ഇറാനില്‍ തത്ത്വചിന്തകന് വിപ്ലവത്തിലാണ് അഭയം കണ്ടെത്തിയത്. 1979-ലെ വിപ്ലവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട തന്റെ പല സമപ്രായക്കാരെയും പോലെ, ഷായെ പുറത്താക്കിയ ഉടന്‍ അയത്തുള്ള ഖൊമേനി സ്ഥാപിച്ച അര്‍ദ്ധസൈനിക സംഘടനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സില്‍ (ഐആര്‍ജിസി) ലാറിജാനി ചേര്‍ന്നു.
ലാറിജാനിയെ സംബന്ധിച്ചിടത്തോളം, ഐആര്‍ജിസിയിലെ വര്‍ഷങ്ങള്‍ ഇറാന്റെ സുരക്ഷാ-രാഷ്ട്രീയ സംവിധാനങ്ങളിലെ ദീര്‍ഘകാല ഔദ്യോഗിക ജീവിതത്തിന്റെ അടിത്തറയായി മാറി. പ്രസിഡന്റ് ഹാഷെമി റഫ്സഞ്ചാനിയുടെ ഭരണകാലത്ത് (198997), അദ്ദേഹം സാംസ്കാരിക-ഇസ്ലാമിക് ഗൈഡന്‍സ് മന്ത്രിയായി നിയമിതനായി. 1994-ല്‍ അദ്ദേഹം പരമോന്നത നേതാവിന്റെ ഓഫീസിന്റെ ഒരു വിഭാഗമായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ബ്രോഡ്കാസ്റ്റിംഗിന്റെ (ഐആര്‍ഐബി) ഡയറക്ടര്‍ ജനറലായി. ഈ റോള്‍ അദ്ദേഹത്തെ നേതാവായ (റഹ്ബര്‍) അയത്തുള്ള ഖമേനിയുമായി അടുപ്പിച്ചു. ഇമാമും ദാര്‍ശനികനും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. നൂറ്റാണ്ടിന്റെ തുടക്കത്തോടെ ലാറിജാനി റിപ്പബ്ലിക്കിലെ വരേണ്യവര്‍ഗത്തിലെ പ്രധാന വ്യക്തികളില്‍ ഒരാളായി മാറി.
2005-ല്‍ പ്രസിഡന്റായ യാഥാസ്ഥിതിക രാഷ്ട്രീയക്കാരനായ മഹ്മൂദ് അഹമ്മദി നെജാദ്, ലാറിജാനിയെ സെക്യൂരിറ്റി കൗണ്‍സില്‍ തലവനായും ചീഫ് ന്യൂക്ലിയര്‍ നെഗോഷ്യേറ്ററായും നിയമിച്ചു. ഒരു ആണവ ചര്‍ച്ചാ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹം സമ്മിശ്ര സൂചനകളാണ് നല്‍കിയത്. ഇറാന്റെ ആണവ പദ്ധതി ഉപേക്ഷിക്കാനുള്ള യൂറോപ്യന്‍ പ്രലോഭനങ്ങളെ ‘ഒരു മിഠായിക്ക് പകരം ഒരു മുത്ത് കൈമാറുന്നതിനോട്’ അദ്ദേഹം ഒരിക്കല്‍ ഉപമിച്ചു. എന്നാല്‍ ഇതേ ലാറിജാനി തന്നെ, ഇറാനെ ആഗോളതലത്തില്‍ ഒറ്റപ്പെടുത്തിയ അഹമ്മദി നെജാദിന്റെ കടുത്ത നിലപാടുകളുമായുള്ള വിയോജിപ്പിനെത്തുടര്‍ന്ന് 2007-ല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വിട്ടു.
യാഥാസ്ഥിതിക പക്ഷത്തെ അപൂര്‍വമായ ഒരു പരസ്യ പിളര്‍പ്പായിരുന്നു അത്. അഹമ്മദി നെജാദുമായി തെറ്റിയ ശേഷം ലാറിജാനി പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് നീങ്ങി. 2008-ല്‍ അദ്ദേഹം മജ്ലിസിലേക്ക് (Majles) തിരഞ്ഞെടുക്കപ്പെടുകയും സ്പീക്കറാകുകയും ചെയ്തു, 2020 വരെ അദ്ദേഹം ആ പദവി വഹിച്ചു. ഹസ്സന് റൂഹാനി യുഎസുമായി ആണവ ചര്‍ച്ചകള്‍ നടത്തുകയും 2015-ല്‍ കരാറില്‍ ഒപ്പിടുകയും ചെയ്തപ്പോള്‍, സ്പീക്കര്‍ എന്ന നിലയില്‍ ലാറിജാനി പ്രസിഡന്റിന് ആവശ്യമായ നിയമനിര്‍മ്മാണ പിന്തുണ നല്കി. ആണവ കരാറായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (JCPOA) മജ്ലിസില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍, ലാറിജാനി പാര്‍ലമെന്റിലെ 290 അംഗങ്ങള്‍ക്ക് അത് ചര്‍ച്ച ചെയ്യാന്‍ വെറും 20 മിനിറ്റ് മാത്രം നല്കി അത് പാസാക്കിയെടുത്തു.
ആഭ്യന്തര രാഷ്ട്രീയത്തില്‍ അദ്ദേഹം പ്രിന്‍സിപ്പലിസ്റ്റ് (ഹാര്‍ഡ്ലൈന്‍) പക്ഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രിന്‍സിപ്പലിസ്റ്റ് രാഷ്ട്രീയ സംഘടനയായ ഇസ്ലാമിക് സൊസൈറ്റി ഓഫ് എന്‍ജിനീയേഴ്സ് അദ്ദേഹത്തെ പിന്തുണച്ചിരുന്നു. 2005-ല്‍ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, യാഥാസ്ഥിതിക സംഘടനകളുടെ കൂട്ടായ്മയായ കൗണ്‍സില്‍ ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ദി ഫോഴ്സ് ഓഫ് ദി റെവല്യൂഷന് അദ്ദേഹത്തിന്റെ നീക്കത്തെ പിന്തുണച്ചു. അദ്ദേഹം 5.94% വോട്ടുകള്‍ മാത്രം നേടി ആറാം സ്ഥാനത്തെത്തി, എങ്കിലും സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി. 2021-ലും 2024-ലും അദ്ദേഹം പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി രജിസ്റ്റര്‍ ചെയ്തെങ്കിലും ശക്തമായ ഗാര്ഡിയന് കൗണ്‍സില്‍ അദ്ദേഹത്തിന്റെ നാമനിര്‍ദ്ദേശം നിരസിച്ചു. എന്നാല്‍ 2024-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച മസൂദ് പെസെഷ്കിയാന് ലാറിജാനിയെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി തിരികെ കൊണ്ടുവന്നു.

സുരക്ഷാ ചക്രവര്‍ത്തി
വര്‍ഷങ്ങളായി, ഇറാന് പശ്ചിമേഷ്യയില്‍ സഖ്യകക്ഷികളുടെ ഒരു വിപുലമായ ശൃംഖല കെട്ടിപ്പടുത്തിരുന്നു. ഈ പ്രതിരോധ തന്ത്രത്തിന്റെ അമരക്കാരന് 2020 ജനുവരിയില്‍ യുഎസ് വധിച്ച ഖുദ്സ് ഫോഴ്സ് ജനറല്‍ ഖാസിം സുലൈമാനിയായിരുന്നു. അത് ഇറാന് വലിയ തിരിച്ചടിയായിരുന്നു. ജനറല്‍ സുലൈമാനി കൊല്ലപ്പെട്ടപ്പോള്‍, ഈ കൊലപാതകം മേഖലയുടെ രാഷ്ട്രീയ സന്തുലിതാവസ്ഥ മാറ്റുമെന്ന് ലാറിജാനി മുന്നറിയിപ്പ് നല്കി. ‘ഹാജ് ഖാസിം സുലൈമാനിയുടെ രക്തത്തിനുള്ള മറുപടി മേഖലയില്‍ നിന്ന് അമേരിക്കന്‍ സേനയെ തുരത്താനുള്ള നടപടികളായിരിക്കണം’ എന്ന് അദ്ദേഹം പറഞ്ഞു.
2025 ഏപ്രിലില്‍, ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുന്നതിനിടയില്‍, ആക്രമിക്കപ്പെട്ടാല്‍ ഇറാന് ആണവായുധങ്ങള്‍ നേടുകയല്ലാതെ ‘മറ്റൊരു വഴിയില്ലെന്ന്’ ലാറിജാനി പറഞ്ഞു. ‘ഞങ്ങള്‍ ആണവായുധങ്ങളിലേക്ക് നീങ്ങുന്നില്ല, എന്നാല്‍ ഇറാന്റെ ആണവ പ്രശ്നത്തില്‍ നിങ്ങള്‍ എന്തെങ്കിലും തെറ്റ് ചെയ്താല്‍, ഇറാനെ അതിലേക്ക് നീങ്ങാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാക്കും, കാരണം അതിന് സ്വയം പ്രതിരോധിക്കേണ്ടതുണ്ട്’ അദ്ദേഹം പറഞ്ഞു. രണ്ട് മാസത്തിന് ശേഷം ഇസ്രായേല്‍ ഇറാനില്‍ ബോംബിട്ടു. ജൂണ്‍ 22-ന് യുഎസ് ഇസ്രായേലിനൊപ്പം ചേര്‍ന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി.
ജൂണില്‍ ട്രംപ് വിജയം പ്രഖ്യാപിച്ചു, പക്ഷേ പ്രതിസന്ധി അവസാനിച്ചിരുന്നില്ല. ഇറാനിലെ പ്രതിഷേധങ്ങളെത്തുടര്‍ന്ന് 2026 ജനുവരിയില്‍ ആരംഭിച്ച ആണവ ചര്‍ച്ചകളെ ലാറിജാനി പിന്തുണച്ചു. യുഎസും ഇറാനും മൂന്ന് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. ഫെബ്രുവരി 27-ന് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ചിരുന്ന ഒമാന്‍ വിദേശകാര്യ മന്ത്രി ഒരു കരാര്‍ കൈയെത്തും ദൂരത്താണെന്ന് പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസും ഇസ്രായേലും യുദ്ധം ആരംഭിച്ചു.
യുദ്ധത്തിനും രാഷ്ട്രീയ ശൂന്യതയ്ക്കുമിടയില്‍, പ്രകോപിതരായ ഇറാന് തങ്ങളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് പ്രതികരിച്ചു. ‘ധീരരായ സൈനികരും മഹത്തായ ഇറാനിയന്‍ രാഷ്ട്രവും നരകതുല്യരായ അന്താരാഷ്ട്ര അടിച്ചമര്‍ത്തലുകള്‍ക്ക് മറക്കാനാവാത്ത ഒരു പാഠം നല്‍കും,’ ലാറിജാനി പറഞ്ഞു. യുദ്ധം തുടങ്ങി എട്ടു ദിവസമായപ്പോള്‍ ഇറാന് യുഎസിന്റെയും ഇസ്രായേലിന്റെയും ശക്തമായ ആക്രമണത്തിന് ഇരയായി. മേഖലയിലുടനീളം ആക്രമണങ്ങള്‍ ശക്തമാക്കി ടെഹ്റാന് തിരിച്ചടിച്ചു.
എന്നാല്‍, ലാറിജാനിക്കൊപ്പം വളര്‍ന്ന ഐആര്‍ജിസി, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ എന്താകുമെന്ന് കണ്ടറിയണം. ഇറാനെ കൈവെള്ളയില്‍ കൊണ്ടുനടന്നതു പോലെ മറ്റൊരാള്‍ക്കും സാധിക്കില്ല എന്നതുതന്നെ കാര്യം.
#AliLarijani, #IranIsraelWar, #MiddleEastConflict, #MalayalamNews, #KeralaNews, #DailyhuntMalayalam, #BreakingNews, #IranNews, #IsraelNews, #Netanyahu, #DonaldTrump, #InternationalPolitics, #DefenceNews, #StraitOfHormuz, #WorldNewsMalayalam, #Geopolitics, #WarUpdates, #NuclearDeal, #IRGC, #Tehran, #MiddleEastTensions, #RegionalNews, #GlobalCrisis, #TrendingNews, #MalayalamUpdates






