KeralaNEWS

ആന്റോ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ഇറക്കാൻ ബിജെപി

പത്തനംതിട്ട: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ത്രികോണ മത്സരത്തിന്റെ ഉഷ്ണം ഏറ്റവും നന്നായറിഞ്ഞ മണ്ഡലങ്ങളിലൊന്നായിരുന്നു പത്തനംതിട്ട.

ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ലെന്നാണ് കരുതപ്പെടുത്. തീർത്ഥാടനങ്ങളുടെ തലസ്ഥാനം, കർഷകരുടെ നാട്, പ്രവാസികള്‍ കൂടുതലുള്ള ജില്ല എന്നിങ്ങനെ സവിശേഷതകള്‍ ഏറെയുണ്ട്, ഈ മലയോര മണ്ഡലത്തിന്.

പാർലമെന്റ് മണ്ഡലം രൂപീകരിച്ച ശേഷം 2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ആന്റോ ആന്റണി ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് കോട്ട എന്നാണ് പത്തനംതിട്ടയെ പലരും വിശേഷിപ്പിച്ചത്. തുടർന്നു നടന്ന രണ്ട് തിരഞ്ഞെടുപ്പകളിലും എല്‍.ഡി.എഫിനും ബി.ജെ.പിയ്ക്കുമുണ്ടായ വോട്ടു വർദ്ധന ഇത്തവണ മണ്ഡല ചരിത്രം വഴിമാറുമോ എന്ന ചോദ്യമുയർത്തുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിലൂടെ ആന്റോ ആന്റണി ഹാട്രിക് വിജയം കുറിച്ചെങ്കിലും ഭൂരിപക്ഷം അൻപതിനായിരത്തില്‍ താഴെയായത് കോണ്‍ഗ്രസ് കോട്ടയില്‍ വിള്ളലുകളുണ്ടായതിന്റെ സൂചനയാണ്. കോണ്‍ഗ്രസ് വിട്ട മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പാേസ് തോമസ് 2014-ലും വീണാ ജോർജ് 2019-ലും യു.ഡി.എഫിന് കനത്ത പ്രഹരമേല്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണുള്ളത്.എന്നാൽ ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ പശ്ചാത്തലത്തില്‍ 2014-ലും ശബരിമല പ്രക്ഷോഭത്തിലൂടെ ഏകീകരിക്കപ്പെട്ട ഹിന്ദു വോട്ടുകളുടെ പിൻബലത്തില്‍ 2019-ലും ബി.ജെ.പി വൻ മുന്നേറ്റമാണ് ഇവിടെ നടത്തിയത്.കഴിഞ്ഞ തവണ മൂന്ന് മുന്നണികളുടെയും വോട്ടു വിഹിതത്തില്‍ വലിയ അന്തരമില്ലാതെ വന്നത് ഇത്തവണ വിജയത്തിന്റെ കാറ്റ് ഏതു ദിശയിലേക്കു തിരിയുമെന്ന് പ്രവചിക്കാൻ പറ്റാത്ത സ്ഥിതിയിലാക്കിയിട്ടുണ്ട്.

യു.ഡി.എഫിനെ വിജയത്തിലെത്തിച്ച ക്രിസ്ത്യൻ വോട്ടു ബാങ്കുകളെ ലക്ഷ്യമാക്കി എല്‍.ഡി.എഫ് കഴിഞ്ഞ രണ്ടു തവണയും ക്രിസ്ത്യൻ സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചു. ഇത്തവണ ലക്ഷത്തിലേറെ വരുന്ന പ്രവാസി വോട്ടുകള്‍ ലക്ഷ്യമിട്ട് ആഗോള പ്രവാസി സംഗമം തിരുവല്ലയില്‍ സംഘടിപ്പിച്ച്‌ നേരത്തെ തന്നെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പിന് കളമൊരുക്കിക്കഴിഞ്ഞു.ഇടതു മുന്നണിയില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി.എം. തോമസ് ഐസക്ക്, മുൻ റാന്നി  എം.എല്‍.എ രാജു ഏബ്രഹാം എന്നിവരുടെ പേരുകളാണ് ഉയർന്നിട്ടുള്ളത്.

സിറ്റിംഗ് എം.പിമാരെ വീണ്ടും മത്സരിപ്പിക്കണമെന്ന എ.ഐ.സി.സി തീരുമാനം ആന്റോ ആന്റണിക്ക് നാലാമൂഴത്തിനുള്ള അവസരമുണ്ടാക്കും. ആന്റോയെ 2019-ല്‍ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർത്തിരുന്ന പാർട്ടിയിലെ പ്രബലർ ഇപ്പോള്‍ ശാന്തരാണ്. കെ.പി.സി.സി അംഗവും മുൻ ഡി.സി.സി പ്രസിഡന്റുമായ പി. മോഹൻരാജാണ് സ്ഥാനാർത്ഥായാകാൻ സാദ്ധ്യത കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്. സീറ്റ് നല്‍കാമെന്നു പറഞ്ഞ് പാർട്ടി പലതവണ മോഹിപ്പിച്ചിട്ടുണ്ട്, മോഹൻരാജിനെ. കഴിഞ്ഞ തവണ സീറ്റ് നിഷേധിച്ചപ്പോള്‍ പാർട്ടി ചുമതലകള്‍ രാജിവച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുനയിപ്പിച്ചാണ് ഇന്ന് മോഹൻരാജിനെ തിരികെ കൊണ്ടുവന്നത്.

ബി.ജെ.പിയാകട്ടെ, ഇക്കുറി ആരെ സ്ഥാനാർത്ഥിയാക്കുമെന്ന്  സൂചന ഒന്നും നല്‍കിയിട്ടില്ലെങ്കിലും ക്രിസ്ത്യൻ സഭകളുമായുള്ള അടുപ്പം പരിഗണിച്ച്‌ മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകനും ബി.ജെ.പി ദേശീയ വക്താവുമായ അനില്‍ ആന്റണിയെ സ്ഥാനാർത്ഥിയാക്കുമെന്നാണ് അഭ്യൂഹം. അടിസ്ഥാന ഹിന്ദു വോട്ടുകള്‍ക്കു പുറമേ, മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ക്രിസ്ത്യൻ വോട്ടുകള്‍ കൂടി സമാഹരിക്കാമെന്ന് പാർട്ടിക്ക് ആലോചനയുണ്ട്. നടൻ ഉണ്ണി മുകുന്ദന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു. മണ്ഡലത്തില്‍ സ്വാധീനമുള്ള ബി.ഡി.ജെ.എസും സീറ്റ് ആഗ്രഹിക്കുന്നുണ്ട്.

2019ലെ വോട്ട്
ആന്റോ ആന്റണി (കോണ്‍ഗ്രസ്) 3,80,927 (37.11 ശതമാനം)

വീണാജാേർജ് (സി.പി.എം) 3,36,684 (32.80 ശതമാനം)

കെ.സുരേന്ദ്രൻ (ബി.ജെ.പി) 2,97,396 (28.97 ശതമാനം)

Back to top button
error: