ന്യൂഡല്‍ഹി: അയോധ്യ ക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുര വസ്തുക്കള്‍ വിറ്റതിന് ഇകൊമേഴ്സ് സ്ഥാപനമായ ആമസോണിനു കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) നോട്ടീസ് അയച്ചു. 7 ദിവസത്തിനകം മറുപടി ലഭിക്കാത്തപക്ഷം ഉപഭോക്തൃ സംരക്ഷണ നിമയത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി നടപടി സ്വീകരിക്കുമെന്നു നോട്ടിസില്‍ പറയുന്നു.
കോണ്‍ഫിഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സിന്റെ പരാതിയിലാണ് നടപടി. ഇതുവരെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരില്‍ വസ്തുക്കള്‍ വിതരണം ചെയ്തതു വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നു പരാതിയില്‍ പറയുന്നു. ഇതു പരിഗണിച്ച സിസിപിഎ, പ്രസാദം എന്ന പേരില്‍ തെറ്റിധരിപ്പിച്ച് ഇത്തരം ഭക്ഷ്യവസ്തുക്കള്‍ ഓണ്‍ലൈനായി വില്‍ക്കുന്നത് ഉല്പന്നത്തിന്റെ യഥാര്‍ഥ സവിശേഷതകള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുമെന്നും അറിയിച്ചു.
രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേസി കൗ മില്‍ക് പേഡ എന്നിങ്ങനെയുള്ള പേരിലാണ് രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണില്‍ വിതരണം ചെയ്തത്.