ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങിന് വീണ്ടും പരോള്‍ അനുവദിച്ചു. വെള്ളിയാഴ്ചയാണ് 50 ദിവസത്തെ പരോള്‍ ലഭിച്ചത്. ഇരട്ട ബലാത്സംഗത്തിന് 20 വര്‍ഷം തടവും രണ്ട് കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും ശിക്ഷിക്കപ്പെട്ട് റോത്തകിലെ സുനരിയ ജയിലില്‍ കഴിയുകയാണ് ഗുര്‍മീത്.
21 ദിവസത്തെ പരോളിന് ശേഷം ജയിലില്‍ തിരിച്ചെത്തി 29 ദിവസത്തിനു ശേഷമാണ് വീണ്ടും പരോള്‍ ലഭിച്ചിരിക്കുന്നത്. പരോള്‍ സമയത്ത് ഗുര്‍മീത് ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലെ ഒരു ആശ്രമത്തില്‍ താമസിക്കുമായിരുന്നു. ഗുര്‍മീതിന് കഴിഞ്ഞ വര്‍ഷം പരോള്‍ അനുവദിച്ചതിനെതിരെ ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) രംഗത്തെത്തിയിരുന്നു. ഗുര്‍മീതിന് തുടര്‍ച്ചയായി പരോള്‍ ലഭിക്കുമ്പോള്‍ സിഖ് സമൂഹത്തില്‍ അവിശ്വാസത്തിന്റെ അന്തരീക്ഷം രൂപപ്പെടുന്നതായി എസ്ജിപിസി വിലയിരുത്തി.
1948 ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ബലാത്സംഗത്തിലൂടെ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെട്ട ഗുര്‍മീത് തന്റെ അനുയായികളായ സ്ത്രീകളെ പലതരം ലൈംഗിക വൈകൃതങ്ങള്‍ക്ക് വിധേയരാക്കിയിരുന്നു.
ഒടുവില്‍ 2017 ലാണ് ബലാത്സംഗ കേസിലും രണ്ട് കൊലപാതക കേസുകളിലുമായി കോടതി ആദ്യം ശിക്ഷ വിധിച്ചത്. തുടര്‍ന്ന് 2002ല്‍ ദേര മാനേജരായ രഞ്ജിത് സിംഗിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ മറ്റ് നാല് പേര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷവും ഇയാള്‍ ശിക്ഷിക്കപ്പെട്ടിരുന്നു. 16 വര്‍ഷം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ 2019 ലും ഗുര്‍മീത് ശിക്ഷിക്കപ്പെട്ടിരുന്നു.