ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ

കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ…
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്.
അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്.
അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ.
അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .
കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും.
വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി പറഞ്ഞു.
അപ്പോഴേക്കും ഫോൺ കുട്ടിയുടെ അമ്മ ഏറ്റെടുത്തു. കളി കാര്യമാകുമെന്ന് മനസ്സിലായതോടെ അമ്മ കാര്യങ്ങൾ വിശദീകരിച്ചു.
യുഎസ്എസിൻ്റെ ക്ലാസാണതെന്നും കുറച്ച് സമയം മാത്രമേ ക്ലാസുള്ളൂവെന്നും അമ്മ മന്ത്രിയോട് പറഞ്ഞു. കളിക്കാൻ പോകാൻ വേണ്ടിയാണ് പരാതി പറയുന്നതെന്നും അമ്മ പറഞ്ഞു.
ക്ലാസ് വേണമെന്ന് ആണോ അമ്മയ്ക്ക് ഇഷ്ടം എന്നായി മന്ത്രിയുടെ ചോദ്യം. ഒട്ടും സംശയിക്കാതെ ക്ലാസ് വേണം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാൽ കുട്ടികളുടെ മന്ത്രി കുട്ടികൾക്ക് ഒപ്പം നിന്നു.
അവധിക്കാലത്ത് കുട്ടികൾ കളിക്കട്ടെയെന്നും ഏഴാം ക്ലാസ് വിദ്യാർത്ഥി കളിച്ചുവളരേണ്ട സമയമാണെന്നും മന്ത്രി ഓർമിപ്പിച്ചു. അമ്മ സമ്മതിച്ചു. അങ്ങനെ ഫർഹാന കളിക്കാൻ മന്ത്രിതല അനുവാദം കിട്ടി. ആനന്ദലബ്ധിക്കിനിയെന്തു വേണം
ഫോൺ വെച്ച് കളിക്കാൻ പോകുന്ന ഫർഹാൻ വിദ്യാഭ്യാസ മന്ത്രിയുടെ മുന്നിലേക്ക് ഒരു അപേക്ഷ കൂടി വെച്ചു. സാർ, ഞാനാണ് വിളിച്ചതെന്ന് സ്കൂളിൽ പറയരുതേയെന്ന അഭ്യർത്ഥനയാണ് ഫർഹാന് മന്ത്രിയോടുണ്ടായിരുന്നത്.
താൻ കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട ഒരു കുട്ടിയുടെ അപേക്ഷ തള്ളിക്കളയാൻ മന്ത്രി ശിവൻകുട്ടിക്കായില്ല.
മറ്റാരുടെയെങ്കിലും പേര് പറയാമെന്ന് മന്ത്രി സമ്മതിച്ചു. കളി മാത്രമാകരുതെന്നും പഠിക്കാനുള്ളത് പഠിക്കണമെന്നും ഫർഹാനോട് മന്ത്രി ഉപദേശിച്ചു
എന്നാൽ ഫർഹാന്
കളി മാത്രമേയുള്ളൂവെന്നായിരുന്നു അമ്മയുടെ പരിഭവം.
അതൊക്കെ ശരിയാകുമെന്നും ഫർഹാൻ മിടുക്കനാണെന്നും മന്ത്രി അമ്മയോട് പറഞ്ഞു.






