തൃശൂര്‍: അഞ്ച് സംസ്ഥാനങ്ങളിലായി നൂറോളം കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയും കുഴല്‍പ്പണക്കവര്‍ച്ചസംഘത്തലവനുമായ കോടാലി ശ്രീധരന്‍ (60) കൊരട്ടിയില്‍ പിടിയിലായി. കാറില്‍ സഞ്ചരിക്കവേ വളഞ്ഞ പോലീസില്‍നിന്ന് രക്ഷപ്പെടാനായി തോക്കെടുത്തെങ്കിലും കീഴടക്കുകയായിരുന്നു. ജാമ്യത്തിലിറങ്ങി മുങ്ങിനടക്കുകയായിരുന്നു ഇയാള്‍. കേരളത്തില്‍ മാത്രം ഇയാളുടെ പേരില്‍ 47 കേസുകള്‍ നിലവിലുണ്ട്.
ശ്രീധരനെ പിടികൂടുമ്പോള്‍ മകന്‍ അരുണ്‍കുമാറും ഒപ്പമുണ്ടായിരുന്നു. ശ്രീധരനെ കണ്ടെത്താനുള്ള പ്രത്യേക സംഘത്തിന്റെ കഴിഞ്ഞ ഒന്നരവര്‍ഷത്തെ ശ്രമത്തിനാണ് ഫലം കണ്ടത്. ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിന്‍തുടരുകയായിരുന്നു. പാലിയേക്കരയ്ക്കും കൊരട്ടിക്കും ഇടയില്‍ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും മുന്നോട്ടുപോയ കാര്‍ കൊരട്ടി സിഗ്‌നല്‍ ജങ്ഷനിലെ ബ്ലോക്കില്‍പ്പെടുകയായിരുന്നു. ഇതോടെ പ്രത്യേക സംഘം റോഡിനു കുറുകെ വാഹനം ഇട്ടു.
മുന്നില്‍ കിടന്ന ഓട്ടോകളെ മറികടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല് തകര്‍ത്താണ് പോലീസ് ഇയാളെ പിടിച്ചത്. ഇതിനിടെ ശ്രീധരന്‍ പോലീസിനു നേരെ തോക്കുചൂണ്ടി. കൊരട്ടിയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മകന്‍ അരുണ്‍കുമാറിനെയും പ്രതിയാക്കിയിട്ടുണ്ട്. കോതമംഗലത്തേക്ക് പോകുകയായിരുന്നെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
കൊരട്ടിക്കടുത്ത് മാമ്പ്രയില്‍ ശ്രീധരന്‍ സ്ഥലം വാങ്ങി വീടുപണി തുടങ്ങിയിരുന്നതായി സൂചന ലഭിച്ചിരുന്നു. ഈ മേഖലകളില്‍ വരുന്ന കാറുകള്‍ കേന്ദ്രീകരിച്ചും നിരീക്ഷണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് പോലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്ന് ഡി.ഐ.ജി. അജിതാ ബീഗം, ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശര്‍മ എന്നിവരുടെ നിര്‍ദേശപ്രകാരം പാലിയേക്കര വഴി പോകുന്ന കോടാലി ശ്രീധരന്റെ വാഹനത്തെ നിരീക്ഷിക്കുന്നത്. ഇവരുടെ വാഹനനമ്പറിനെ പിന്‍തുടര്‍ന്നതോടെ പിന്നീട് നടന്നത് സിനിമാരംഗത്തിന് സമാനമായ കാഴ്ചയായിരുന്നു.