IndiaNEWS

പ്രാണപ്രതിഷ്ഠയില്‍ ആചാര ലംഘനമില്ല; ശങ്കരാചാര്യന്മാരെ തള്ളി വി.എച്ച്.പി.

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് അപൂര്‍ണം എന്ന് വിമര്‍ശിച്ച ശങ്കരാചാര്യന്മാര്‍ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. 22- ാം തീയതി നടക്കുന്ന പ്രാണപ്രതിഷ്ഠയില്‍ യാതൊരു ആചാരലംഘനവും ഇല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അവകാശപ്പെട്ടു.

നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്നത് ആചാരലംഘനമാണെന്നാണ് നാലു മഠങ്ങളിലെ ശങ്കരാചാര്യന്മാരും ചൂണ്ടിക്കാട്ടിയത്. ഈ വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുത്തതോടെ ബിജെപി പ്രതിരോധത്തിലായി. മതപണ്ഡിതന്മാര്‍ക്ക് മറുപടി നല്‍കാന്‍ കഴിയാതിരുന്ന ബിജെപിയെ സഹായിക്കാനാണ് ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്.

Signature-ad

ശങ്കരാചാര്യന്മാരുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി വിവാദങ്ങള്‍ സൃഷ്ടിക്കേണ്ട എന്നാണ് മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കും കേന്ദ്രമന്ത്രിമാര്‍ക്കും നേരത്തെ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. ഈ മാസം 22ന് അയോധ്യക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠ ചടങ്ങില്‍ ആചാരലംഘനം ഇല്ലെന്നാണ് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡണ്ട് അലോക് കുമാര്‍ അവകാശപ്പെടുന്നത്. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്‍പ് ശ്രീകോവിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് മത നിയമങ്ങള്‍ പറയുന്നത്.

പ്രതിപക്ഷം ആരോപിക്കുന്നത് പോലെ ആചാരലംഘനം അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ സംഭവിക്കുന്നില്ലെന്നും ബി.ജെ.പിയെ ന്യായീകരിച്ച് സംഘപരിവാര്‍ നേതാവ് പറഞ്ഞു.

ഇന്നലെ ശ്രീകോവിലില്‍ സ്ഥാപിച്ച വിഗ്രഹത്തില്‍ വിവിധ നദികളിലെ പുണ്യജലങ്ങളാല്‍ അഭിഷേകം നടക്കും. പ്രാണ പ്രതിഷ്ഠക്കുശേഷം ഈ മാസം 23 മുതലാണ് പൊതുജനങ്ങള്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കുക.

Back to top button
error: