ബംഗളൂരു: ട്രെയിനിനുള്ളിലെ ഫാനില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ ബയപ്പനഹള്ളിയില്‍ സര് എം.വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മൈസൂരുവില്‍ നിന്ന് കാരയ്ക്കലിലേക്ക് (മൈസൂരു കാരയ്ക്കല്‍ എക്സ്പ്രസ്) പോവുകയായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ടുമെന്റിലാണ് 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണകാരണവും വ്യക്തമല്ല. ആത്മഹത്യയെന്നാണ് നിഗമനം. ഇയാളുടെ പോക്കറ്റില്‍ നിന്ന് ജനുവരി 16ന് തൃശൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്തതിന്റെ ടിക്കറ്റ് കണ്ടെടുത്തു.
രാവിലെ ഏഴു മണിയോടെ ഒരു യാത്രക്കാരന് റെയില്‍വേ ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ഇതിനു പിന്നാലെ ട്രെയിനില്‍ നിന്ന് ഈ കംപാര്‍ട്ട്മെന്റ് വേര്‍പെടുത്തി.
ട്രെയിന്‍ മൈസൂരുവില്‍നിന്ന് പുലര്‍ച്ചെ 2 ന് ബംഗളൂരുവിലെത്തി ടെര്‍മിനലിന്റെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ ഒരു യാത്രക്കാരന് ട്രെയിനില്‍ കയറിയപ്പോഴാണ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. പിന്നാലെ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
മരിച്ചയാളെ തിരിച്ചറിയാന്‍ കേരള പൊലീസിന് ഉള്‍പ്പെടെ വിവരം നല്‍കിയിട്ടുണ്ട്. മൃതദേഹം സി.വി.രാമന് നഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.