Breaking NewsLead NewsNEWSpoliticsWorld

ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു; ഇസ്രയേൽ ആക്രമണത്തിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ലെബനൻ

ബെയ്‌റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷി കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഭരണപരമായ കാര്യങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന ഹർഷിയെ ലക്ഷ്യമിട്ടതിലൂടെ സംഘടനയുടെ നേതൃനിരയെ തകർക്കുക എന്ന തന്ത്രപരമായ നീക്കമാണ് ഇസ്രായേൽ നടപ്പിലാക്കിയത്. ഹിസ്ബുള്ള തലവൻ നയീം ഖാസമിന്റെ അനന്തരവനും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറിയുമായിരുന്നു അലി യൂസഫ് ഹർഷി. ഖാസമിന്റെ ഓഫീസിന്റെ സുരക്ഷയും ദൈനംദിന കാര്യങ്ങളും നിയന്ത്രിച്ചിരുന്ന പ്രധാന വ്യക്തിയായിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ലബനനിൽ ഉടനീളം 100 കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ഇതുവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം 254 പേർ ആ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 1,165ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ‘ഓപ്പറേഷൻ എറ്റേണൽ ഡാർക്ക്‌നസ്’ (Operation Eternal Darkness) എന്ന് ഇസ്രായേൽ പേരിട്ടിരിക്കുന്ന ഈ സൈനിക നടപടിയിൽ നൂറിലധികം വ്യോമാക്രമണങ്ങളാണ് പത്ത് മിനിറ്റിനുള്ളിൽ നടന്നത്.

Signature-ad

ബെയ്‌റൂത്ത്, സിഡോൺ, ടയർ, ബിഖ താഴ്വര എന്നിവിടങ്ങളിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. എന്നാൽ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട ആയുധ സംഭരണ കേന്ദ്രങ്ങളും നിർമാണ് കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പറയുന്നത്. ആക്രമണത്തിൽ ലബനൻ സർക്കാർ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലബനന് നേരെയുള്ള ആക്രമണം തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകുകയും ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: