
കുവൈത്ത് സിറ്റി: അടുത്തിടെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുവൈറ്റിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ, ഇന്ധന ടാങ്കുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രധാന സ്ഥാപനങ്ങളാണ് ആക്രമണത്തിന് ഇരയായത്.
ആഭ്യന്തര മന്ത്രാലയ വക്താവും സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ ഡയറക്ടർ ജനറലുമായ ബ്രിഗേഡിയർ ജനറൽ നാസർ ബൗസ്ലൈബ് ബുധനാഴ്ച നടത്തിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ കുവൈത്ത് പെട്രോളിയം കോർപ്പറേഷനും വൈദ്യുതി, ജലം, നവീകരണ ഊർജ മന്ത്രാലയത്തിനും കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾക്കെതിരെ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടന്നതായി അദ്ദേഹം അറിയിച്ചു.
എണ്ണ സ്ഥാപനങ്ങൾ, മൂന്ന് വൈദ്യുതി നിലയങ്ങൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഇതിന്റെ ഫലമായി അടിസ്ഥാന സൗകര്യങ്ങൾക്കും ഉൽപ്പാദന യൂണിറ്റുകൾക്കും ഇന്ധന ടാങ്കുകൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചില സ്ഥലങ്ങളിൽ തീപിടിത്തവും ഉണ്ടാകുകയും ചെയ്തു. പ്രതിരോധ വിഭാഗത്തിന്റെ ഇടപെടലിനിടെ വീണ അവശിഷ്ടങ്ങളുമായി ബന്ധപ്പെട്ട് 18 പരാതികൾ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ സംഘങ്ങൾ കൈകാര്യം ചെയ്തതായും, ആക്രമണം ആരംഭിച്ചതിനുശേഷം ലഭിച്ച മൊത്തം പരാതികളുടെ എണ്ണം 776 ആയി ഉയർന്നതായും ബൗസ്ലൈബ് വ്യക്തമാക്കി.
പ്രധാന കേന്ദ്രങ്ങൾ സുരക്ഷിതമാക്കാനും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വിവിധ സർക്കാർ ഏജൻസികൾ ഉയർന്ന ജാഗ്രതയോടെയും സമഗ്ര സജ്ജതയോടെയും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും, ദേശീയ സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 40 ദിവസമായി സായുധസേന രാജ്യത്തിന്റെ സുരക്ഷക്കായി വലിയ ആത്മാർത്ഥതയോടെയും ത്യാഗത്തോടെയും പ്രവർത്തിച്ചുവരുന്നതായും, രാജ്യത്തിന്റെ ഭരണാധികാരിയുടെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി പ്രാർത്ഥിക്കുന്നുവെന്നും ബൗസ്ലൈബ് പറഞ്ഞു.





