വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല!! ഇറാനെ ആക്രമിച്ചില്ലെങ്കിൽ പണ്ടേക്കുപണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കിയേനെ- നെതന്യാഹു

ടെൽ അവീവ്: ഇറാനുമായുള്ള യുദ്ധത്തിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ യുദ്ധത്തിന്റെ അവസാനമല്ല എന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ഇടത്താവളം മാത്രമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ഉൾപ്പെടെയുള്ള എല്ലാ യുദ്ധലക്ഷ്യങ്ങളും തങ്ങൾ ഈ യുദ്ധത്തിലൂടെ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കപ്പൽ ഗതാഗതത്തിനായി ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് ഉൾപ്പെടെയുള്ള നിബന്ധനകളോടെയാണ് യുഎസും ഇറാനും രണ്ടാഴ്ചത്തെ വെടിനിർത്തലിനു സമ്മതിച്ചതെന്നും നെതന്യാഹു പറഞ്ഞു. യുദ്ധലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടുവെന്നും വെടിനിർത്തലിനു സമ്മതിക്കാൻ യുഎസ് അദ്ദേഹത്തെ നിർബന്ധിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രതികരണം.
‘‘ഇറാനെതിരെ ഞങ്ങൾ ‘ഓപ്പറേഷൻ ഗിഡിയൻസ് സ്വോർഡ്’, ‘ഓപ്പറേഷൻ ലയൺസ് റോർ’ എന്നിവ ആരംഭിച്ചിരുന്നില്ലെങ്കിൽ, അവർ പണ്ടേ ഇസ്രയേലിനെ നശിപ്പിക്കാനും നമ്മുടെ നിലനിൽപ്പിനെ ഭീഷണിപ്പെടുത്താനുമുള്ള ആയിരക്കണക്കിന് മിസൈലുകളും ആണവായുധങ്ങളും സ്വന്തമാക്കുമായിരുന്നു. ഭീകര ഭരണകൂടത്തെ ഞങ്ങൾ വർഷങ്ങൾ പിന്നിലാക്കി. സമ്പുഷ്ടീകരിച്ച വസ്തുക്കൾ ഇറാൻ വിട്ടുപോകും. ഒന്നുകിൽ കരാറിലൂടെ, അല്ലെങ്കിൽ പുതുക്കിയ പോരാട്ടത്തിലൂടെ. ഈ വിഷയത്തിൽ ഇസ്രയേലും യുഎസും ഒരേ നിലപാടിലാണ്’’ – നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേൽ ഏത് സമയത്തും യുദ്ധത്തിലേക്ക് മടങ്ങാൻ തയ്യാറാണെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, വിരൽ കാഞ്ചിയിലാണ് എന്നും മുന്നറിയിപ്പ് നൽകി. യുഎസ് തങ്ങളെ അതിശയിപ്പിക്കുകയല്ല ചെയ്തതെന്നും മറിച്ച് ഇസ്രയേലുമായി ഏകോപിപ്പിച്ചാണ് ഈ നീക്കം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





