ചെന്നൈ: ഡി.എം.കെ ഒരു മതത്തിനോ വിശ്വാസത്തിനോ എതിരല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്. രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന അണ്ണാഡി.എം.കെയുടെ തീരുമാനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അയോധ്യയില്‍ രാമക്ഷേത്രം വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍, അവിടെയുണ്ടായിരുന്ന മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നത് അംഗീകരിക്കില്ലെന്നും ഉദയനിധി വ്യക്തമാക്കി. വിശ്വാസത്തെയും രാഷ്ട്രീയത്തെയും ഒന്നാക്കരുതെന്ന മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിച്ചുകൊണ്ടായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രതികരണം.
കാലുവേദന ആയതിനാല്‍ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനാവില്ലെന്ന അണ്ണാഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരെയും അദ്ദേഹം രംഗത്തെത്തി. പളനിസ്വാമിയ്ക്ക് ഇഴയുന്ന ശീലമുള്ളതിനാല്‍ കാലിന് വേദനയുണ്ടാകുമെന്നായിരുന്നു പരിഹാസം. അണ്ണാഡി.എം.കെ അയോധ്യയിലേക്ക് കര്‍സേവകരെ അയച്ചിട്ടുള്ളവരാണെന്നും വിമര്‍ശിച്ചു.