ന്യൂഡല്‍ഹി: ജയിലില്‍ മടങ്ങി എത്താന്‍ കൂടുതല്‍ സമയം ചോദിച്ച് ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍. മൂന്ന് പ്രതികളാണ് സുപ്രിംകോടതിയില്‍ അപേക്ഷ നല്‍കിയത്. ജയില്‍ മോചിതരായവര്‍ 21 നകം കീഴടങ്ങണമെന്ന വിധി നിലനില്‍ക്കെയാണ് അപേക്ഷ. പ്രതികളുടെ ഹര്‍ജി കോടതി നാളെ പരിഗണിക്കും.
മൂന്ന് പ്രതികളാണ് കീഴടങ്ങാന്‍ സമയം നീട്ടിച്ചോദിച്ച് കോടതിയെ സമീപിച്ചിരിക്കുന്നത്. ആറ് ആഴ്ചകളെങ്കിലും കീഴടങ്ങാന്‍ അനുവദിക്കണം എന്നാണ് ആവശ്യം. തിമിര ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ വിശ്രമം വേണമെന്ന് കാട്ടിയാണ് ഒരു പ്രതി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വയോധികരായ മാതാപിതാക്കളെ പരിചരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് മറ്റൊരു പ്രതിയുടെ അപേക്ഷ. വിളവെടുപ്പ് കാലമായതിനാല്‍ ഇതിന് ശേഷം കീഴടങ്ങാന്‍ അനുവദിക്കണമെന്നാണ് മൂന്നാമത്തെ പ്രതിയുടെ ഹര്‍ജി. ജസ്റ്റിസ് ചിദംബരേശ്വനാണ് മൂന്ന് പ്രതികളുടെയും ഹര്‍ജി മെന്‍ഷന്‍ ചെയ്തത്.
ഞായറാഴ്ചയാണ് പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ നാളെ തന്നെ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹര്‍ജി പരിഗണിക്കാനാണ് സാധ്യത.