KeralaNEWS

മകരവിളക്ക്: തീര്‍ഥാടക വ്യൂപോയിന്റുകളിലെ സുരക്ഷ ഉറപ്പാക്കി കലക്ടർ;21 ന് ശബരിമല ശ്രീകോവിൽ അടയ്ക്കും

ബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്‌ മകരജ്യോതി ദര്‍ശനത്തിനായുള്ള ജില്ലയിലെ വ്യൂ പോയിന്റുകള്‍ ജില്ലാ കളക്ടര്‍ എ.ഷിബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം സന്ദര്‍ശിച്ചു.

ഇലവുങ്കല്‍, അയ്യന്‍മല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറ് കോളനി, അട്ടത്തോട്, പഞ്ഞിപ്പാറ, പമ്ബ ഹില്‍ ടോപ്, നീലിമല, അപ്പാച്ചിമേട്,പുല്ലുമേട്  എന്നിവിടങ്ങളിലെ വ്യൂ പോയിന്റുകള്‍ സന്ദര്‍ശിച്ച സംഘം ഒരുക്കങ്ങള്‍ വിലയിരുത്തി.

Signature-ad

വ്യൂ പോയിന്റുകളില്‍ ബാരിക്കേഡുകള്‍, ശൗചാലയങ്ങള്‍, കുടിവെള്ളം ഉള്‍പ്പെടെ തീര്‍ഥാടകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പു വരുത്തുകയും ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

 തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും വാട്ടര്‍ അഥോറിറ്റിയും ആവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിച്ചു.ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ മേല്‍നോട്ടത്തില്‍ ആംബുലന്‍സ് സജ്ജീകരണം ഉള്‍പ്പെടുന്ന വൈദ്യസംഘത്തെ ഓരോ വ്യൂ പോയിന്റിലും ക്രമീകരിക്കും.

ശബരിമല എഡിഎം സൂരജ് ഷാജി, ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിത കുമാരി, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ കെ. രശ്മിമോള്‍, വനം, പോലീസ്, അഗ്‌നിശമനസേന, സോയില്‍ കണ്‍സര്‍വേഷന്‍, സോയില്‍ സര്‍വേ, മൈനിംഗ് ആന്‍ഡ് ജിയോളജി, പൊതുമരാമത്ത്, കെഎസ്‌ഇബി, വാട്ടര്‍ അഥോറിറ്റി, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ സംഘത്തിലുണ്ടായിരുന്നു.

അതേസമയം മകരവിളക്കിനോട് അനുബന്ധിച്ചുള്ള ശുദ്ധി ക്രിയകള്‍ക്ക് ശബരിമലയില്‍ ഇന്നലെ തുടക്കമായി. ഇന്നലെ വൈകിട്ട് പ്രാസാദ ശുദ്ധി ക്രിയകള്‍ നടന്നു.ഇന്ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. തിങ്കളാഴ്ചയാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ രണ്ടിന് തിരുനട തുറക്കും. 2.46ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും.

പതിവു പൂജകള്‍ക്കുശേഷം അന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക.തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. 5.30ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30ന് നടക്കും. ശേഷം മകരവിളക്ക്- മകരജ്യോതി ദര്‍ശനം എന്നിവ നടക്കും. 15ന് വൈകിട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും.

 

15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18 വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.

 

19ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. 20ന് രാത്രി 10ന് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കും.

Back to top button
error: