KeralaNEWS

ലോക്‌സഭാ സീറ്റുകളുടെ വെച്ചുമാറ്റം; സി.പി.ഐയോട് വിയോജിച്ച് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം ലോക്‌സഭാ സീറ്റുകള്‍ വെച്ചു മാറുന്നതിനോട് വിയോജിച്ച് സിപിഎം. തിരുവനന്തപുരം സീറ്റ് സിപിഎമ്മിനും,കൊല്ലം സീറ്റ് സിപിഐക്കും നല്‍കണമെന്ന് ചര്‍ച്ചകള്‍ ഉണ്ടായെങ്കിലും അതിനോട് സി.പി.എം യോജിച്ചില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നാന്ന് സിപിഎം നേതൃത്വം എടുത്ത നിലപാട്.

തലസ്ഥാനത്തെ ലോക്‌സഭ സീറ്റില്‍ കാലങ്ങളായിട്ട് സിപിഐ ആണ് മത്സരിക്കുന്നത്. പന്ന്യന്‍ രവിന്ദ്രന് ശേഷം സിപിഐക്ക് ഇവിടെ വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. പൊതുസ്വതന്ത്രരെ ഇറക്കിയും പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളെ മത്സരിപ്പിച്ചും പരീക്ഷണം നടത്തിയെങ്കിലും വിജയം കണ്ടില്ല.

Signature-ad

ഇതുപോലെയാണ് സിപിഎമ്മിന്റെ കൊല്ലത്തെ അവസ്ഥയും. എല്‍.ഡി.എഫില്‍ ആര്‍എസ് പി ഉണ്ടായിരുന്ന സമയത്ത് എന്‍.കെ പ്രേമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലമായിരുന്നു അത്. കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഇടഞ്ഞ ആര്‍എസ്പി യുഡിഎഫിന്റെ ഭാഗമായെങ്കിലും എന്‍ കെ പ്രേമചന്ദ്രന്‍ തന്നെയാണ് മത്സരിച്ചത്. പാര്‍ട്ടിയിലെ പ്രധാന നേതാക്കളായ എം.എ ബേബിയെയും ബാലഗോപാലിനെയും കൊല്ലത്ത് പരീക്ഷിച്ചെങ്കിലും സിപിഎമ്മിന് അടിപതറിയിരുന്നു.

ഇതിനിടയിലാണ് സീറ്റുകള്‍ വെച്ച് മാറാനുള്ള താല്‍പര്യം സിപിഐ നേതൃത്വം സിപിഎമ്മിനെ അനൗദ്യോഗികമായി അറിയിക്കുന്നത്. എന്നാല്‍, രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വം ഇതിനെ അവഗണിച്ചു എന്നാണ് വിവരം.

2026 ലെ മണ്ഡലം പുനര്‍നിര്‍ണയത്തിന് ശേഷം ഇക്കാര്യങ്ങള്‍ ആലോചിക്കാമെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മണ്ഡല മാറ്റം ഉണ്ടായാല്‍ അണികള്‍ അത് ഉള്‍ക്കൊള്ളില്ല എന്ന വികാരവും ചൂണ്ടിക്കാട്ടിയാണ് സിപിഎം നേതൃത്വം ഇതിനെ എതിര്‍ത്തത്.

കാനം രാജേന്ദ്രന്‍ ചികിത്സയ്ക്കായി പോകുന്നതിനു തൊട്ടു മുമ്പായിട്ടായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍. സീറ്റ് വെച്ച്മാറുന്നതിനോട് സിപിഎം വിയോജിപ്പ് പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ തലസ്ഥാന മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ചര്‍ച്ചകളിലേക്ക് സിപിഐ കടന്നിട്ടുണ്ട്. നാടാര്‍ സമുദായത്തില്‍ പെടുന്ന പാര്‍ട്ടി അംഗമായ ഒരാളെ മത്സരിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ഉണ്ടെന്നാണ് സൂചന

 

Back to top button
error: