CrimeNEWS

ലക്ഷങ്ങളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ ലീഗ് നേതാവും

കോഴിക്കോട്: കുറിയര്‍ കമ്പനിയുടെ പേരില്‍ നടന്ന വന്‍തട്ടിപ്പുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് പിടികൂടിയവരില്‍ കോഴിക്കോട്ടെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെയാണ് മാത്തറയിലുള്ള വീട്ടിലെത്തി കര്‍ണാടക പോലീസ് സംഘം പിടികൂടിയത്.

അന്വേഷണ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പു നടത്തുന്ന മലയാളികളുള്‍പ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കര്‍ണാക പോലീസ് അറസ്റ്റു ചെയ്തത്. ഏഴു മലയാളികളും കര്‍ണാടക, ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്. കുറിയര്‍ വഴി മയക്കുമരുന്ന് വരുന്നുണ്ടെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പിനിരയായവരെ ഭീഷണിപ്പെടുത്തിയിരുന്നത്.

Signature-ad

കോഴിക്കോട് സ്വദേശിയായ എം.പി. നൗഷാദ്, മലപ്പുറം സ്വദേശികളായ അര്‍ഷദ്, കെ.റിയാസ്, കെ.പി. നൗഫല്‍, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികള്‍. ഇവരെയും കര്‍ണാടക പോലീസ് കേരളത്തില്‍നിന്ന് പിടികൂടുകയായിരുന്നു.

ബംഗളൂരു ഹുളിമാവ് പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് ആഷിഖിനെ അറസ്റ്റുചെയ്തത്. ഐ.പി.സി. 419, 420, ഐ.ടി. വകുപ്പിലെ 66(സി), 66(ഡി) എന്നിവയാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബംഗളൂരുവില്‍ ചെറുകിട വ്യവസായ സംരംഭം നടത്തുന്ന കോഴിക്കോട് കൂടരഞ്ഞി സ്വദേശിയായ 51-കാരനാണ് പാരാതിക്കാരന്‍.

2023 നവംബര്‍ 30-നാണ് സംഭവം നടന്നത്. മുംബൈയിലെ സെഡ് എക്‌സ് എന്ന അന്താരാഷ്ട്ര കൊറിയര്‍ കമ്പനിയുടെ കസറ്റമര്‍ കെയര്‍ സര്‍വ്വീസില്‍നിന്നാണെന്ന് പറഞ്ഞാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. മുംബൈയില്‍നിന്നു തായ്വാനിലേക്ക് അയക്കുന്ന കൊറിയറില്‍ 950 ഗ്രാം എം.ഡി.എം.എ, അഞ്ച് സിംകാര്‍ഡുകള്‍, കാലാവധികഴിഞ്ഞ 10 പാസ്‌പോര്‍ട്ട്, 1000 യു.എസ് ഡോളര്‍ എന്നിവ ഉണ്ടെന്നും ഇതോടൊപ്പമുണ്ടായിരുന്ന ആധാര്‍ കാര്‍ഡില്‍ നിങ്ങളുടെ പേരാണുള്ളതെന്നും ഇയാള്‍ പറഞ്ഞു.

വിവരം കസ്റ്റംസില്‍ അറിയിച്ചിട്ടുണ്ടെന്നും പരാതി ഫയല്‍ ചെയ്തെന്നും ഇയാള്‍ അറിയിച്ചു. കോള്‍ മുംബൈ സൈബര്‍ പോലീസിന് കൈമാറുകയാണെന്നും അവരുമായി സംസാരിക്കാനും ഇയാള്‍ ആവശ്യപ്പെട്ടു. ഫോണെടുത്ത ശേഷം സൈബര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ ആള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

പിന്നീട് വീഡിയോ കോളിങ് ആപ്പ് വഴി ഇയാള്‍ സംസാരിക്കുകയും പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കാണിക്കുകയും ചെയ്തു. ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും മൊഴി ഖേപ്പെടുത്താന്‍ മുംബൈയില്‍ എത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കണമെന്നും ഇതിന് അക്കൗണ്ടിലുള്ള തുക മുഴുവന്‍ ആര്‍.ബി.ഐയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണമെന്നും ഇയാള്‍ നിര്‍ദേശിച്ചു. പരിശോധനയ്ക്കു ശേഷം പണം തിരിച്ചയക്കുമെന്നും ഭയപ്പെടാനില്ലെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ തന്ന അക്കൗണ്ടിലേക്ക് 19,88,887 ലക്ഷം രൂപ അയച്ചു. പിന്നീടാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. തുടര്‍ന്ന് കര്‍ണാടക പോലീസിനെ സമീപിച്ചു.

 

 

Back to top button
error: